കൂട് മത്സ്യകൃഷിയിൽ പ്രതീക്ഷയർപ്പിച്ച് കർഷകർ

അഡാകിന്റെ സഹായം പ്രതീക്ഷിച്ചാണ്‌ നഷ്ടമേറെ സഹിച്ചും കർഷകർ കൂട്‌ മത്സ്യകൃഷി തുടരുന്നത്‌ ഇരിട്ടി: കൂട്‌ മത്സ്യകൃഷിയിലും ശുദ്ധജലാശയ മത്സ്യം വളർത്തലിലും പ്രതീക്ഷയർപ്പിച്ച്‌ ഒരുപറ്റം കർഷകർ. ഇരിട്ടി പെരുമ്പറമ്പിലെ പഴശ്ശിരാജ മത്സ്യകർഷക സംഘമാണ്‌ പഴശ്ശി ജലാശയത്തിൽ കൂട്‌ മത്സ്യകൃഷി രംഗത്ത്‌ നഷ്ടമേറെ സഹിച്ചും പിടിച്ചുനിൽക്കുന്നത്‌. ഇരിട്ടി പുഴയുടെ ഭാഗമായ പഴശ്ശി ജലാശയത്തിൽ അഞ്ചുവർഷം മുമ്പാണ് 10 കൃഷിക്കാരുടെ സ്വയം സഹായ സംഘം കൂട്‌ മത്സ്യ കൃഷിയാരംഭിച്ചത്‌. ഫിഷറീസ്‌ വകുപ്പിന്റെ ഭാഗമായുള്ള 'ഫിർമ' സഹായത്താലാണ്‌ ജില്ലയിലാദ്യത്തെ ശുദ്ധജലാശയ മത്സ്യകൃഷിക്ക്‌ പെരുമ്പറമ്പിൽ തുടക്കമിട്ടത്‌. ഫിർമ പിരിച്ചുവിട്ടതോടെ ഫിഷറീസ്‌ വകുപ്പിന്റെ അഡാക്ക്‌ മുഖേനയാണിപ്പോൾ പെരുമ്പറമ്പിലെ കൂട്‌ മത്സ്യകൃഷി. 10,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച്‌ വളർത്താവുന്ന നൂറ്‌ കൂടുകളാണ് ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇത്തവണ 40,000 മത്സ്യക്കുഞ്ഞുങ്ങളെയാണ്‌ വളർത്തിയത്‌. വിളവെടുപ്പ്‌ ഘട്ടമാണിപ്പോൾ. 27 വർഷം മുമ്പ്‌ ചടച്ചിക്കുണ്ടം, പെരുമ്പറമ്പ്‌ കപ്പച്ചേരി എന്നിവിടങ്ങളിലാണ്‌ മത്സ്യകർഷകർ ശുദ്ധജലാശയ കൃഷി തുടങ്ങിയത്‌. ഇതിനിടെ കപ്പച്ചേരിയിൽ മത്സ്യക്കുഞ്ഞുങ്ങളുടെ വിൽപനക്കുള്ള ഫാമും ആരംഭിച്ചു. കൂട്‌ മത്സ്യകൃഷിയുടെ സാധ്യത കൂടി ഉപയോഗപ്പെടുത്തിയതോടെ ഈ രംഗത്ത്‌ മുന്നേറാമെന്നായിരുന്നു പ്രതീക്ഷ. 2018ലെ പ്രളയം കർഷകരുടെ പ്രതീക്ഷകൾക്ക്‌ തിരിച്ചടിയായി. ലക്ഷങ്ങളുടെ നഷ്ടമാണ്‌ പ്രളയം മത്സ്യകർഷക സംഘത്തിന്‌ വരുത്തിയത്‌. കൂടും ഉപകരണങ്ങളും വളർത്താൻ നിക്ഷേപിച്ച ലക്ഷക്കണക്കിന്‌ മത്സ്യങ്ങളും പ്രളയത്തിൽ നഷ്ടമായി. ചടച്ചിക്കുണ്ടം ഫാമിലും പ്രളയം കനത്ത കെടുതിയുണ്ടാക്കി. കപ്പച്ചേരിയിൽ വിൽപനക്ക്‌ ഒരുക്കിയ 20 ലക്ഷം മീൻകുഞ്ഞുങ്ങളും പ്രളയത്തിൽ ഒഴുകിപ്പോയി. വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം ലഭിക്കുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും കർഷകർക്ക്‌ സമാശ്വാസം കിട്ടിയില്ല. കൂട്‌ മത്സ്യകൃഷി സ്വതന്ത്രമായി നടത്താൻ സാധിക്കുന്ന തരത്തിൽ അഡാകിന്റെ സഹായം പ്രതീക്ഷിച്ചാണ്‌ നഷ്ടമേറെ സഹിച്ചും കർഷകർ കൂട്‌ മത്സ്യകൃഷി തുടരുന്നത്‌. ഗിഫ്‌റ്റ്‌ തിലോപിയ, കട്‌ല രോഹു, കോമൺ കാർപ് ഇനങ്ങളാണ്‌ ഇത്തവണ വിളവെടുപ്പിന്‌ സജ്ജമായത്‌. ചൂണ്ടിക്കാണിക്കുന്ന മീനുകളെ തൽസമയം കോരി തൂക്കി നൽകാൻ പെരുമ്പറമ്പിൽ താൽക്കാലിക വിൽപന സ്‌റ്റാളുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.