ചിറക്കൽ പഞ്ചായത്ത്-രാജാസ് സ്കൂൾ റോഡ് നവീകരണം ഉടൻ

പാപ്പിനിശ്ശേരി: ചിറക്കൽ പഞ്ചായത്ത്-രാജാസ് സ്കൂൾ റോഡ് നവീകരണത്തിന് അഞ്ചു കോടി രൂപ അനുവദിച്ചു. റോഡ് പ്രവൃത്തി നടത്തുന്നതിന് മുന്നോടിയായുള്ള വിശദ പദ്ധതി ​റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിന്റെ നടപടി പൂർത്തിയായി. പുതിയതെരുവിൽനിന്ന് കണ്ണൂർ നഗരത്തിലേക്ക് പെട്ടെന്ന് എത്താൻ സാധിക്കുന്ന പ്രധാന റോഡാണിത്. ചിറക്കല്‍ ബാങ്കിന്റെ എതിർവശത്തുകൂടി കടന്നുപോകുന്ന റോഡ് പുതിയതെരു ടൗണിൽ കടക്കാതെ ചിറക്കല്‍ പഞ്ചായത്ത് ഓഫിസ്, ചിറക്കല്‍ രാജാസ് സ്കൂള്‍ വഴി പള്ളിക്കുന്ന് വനിത കോളജിന് മുൻവശം എത്തിച്ചേരും. നിലവില്‍ പുതിയതെരു വഴി ഇപ്പോള്‍ അനുഭവിച്ചുവരുന്ന വാഹനക്കുരുക്കിന് സാരമായ പരിഹാരമാകുമെന്ന് കെ.വി. സുമേഷ് എം.എല്‍.എ പറഞ്ഞു. എം.എൽ.എയുടെ പദ്ധതി നിർദേശത്തെ തുടർന്നാണ് സംസ്ഥാന ബജറ്റിൽ അഞ്ചു കോടി രൂപ പ്രഖ്യാപിച്ചത്. പി.ഡബ്ല്യു.ഡി റോഡ്സ് എൻജിനീയറിങ് സംഘമാണ് ഡി.പി.ആർ തയാറാക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തിയത്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രുതി, വൈസ് പ്രസിഡന്റ് അനിൽ കുമാർ, പി.ഡബ്ല്യു.ഡി അസി. എൻജിനീയർ ഷാജിഷ്, ഓവർസിയർ സജിനി എന്നിവരുമുണ്ടായിരുന്നു. ചിറക്കൽ കോവിലകം, ചിറക്കൽ ചിറ, കേരള ഫോക് ലോർ അക്കാദമി ആസ്ഥാനം എന്നീ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തുന്ന റോഡ് വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയുടെ ആദ്യഘട്ട നടപടികളാണ് ആരംഭിച്ചത്. ചിത്രം: കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ പി.ഡബ്യൂ.ഡി റോഡ്സ് എൻജിനീയറിങ് സംഘം സ്ഥലത്തെത്തി ഡി.പി.ആർ തയാറാക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.