വായന ചങ്ങാത്തം വായനശാലകളിലേക്ക്

പയ്യന്നൂർ: കുട്ടികളിൽ സ്വതന്ത്രവായന പരിപോഷിപ്പിക്കാൻ സമഗ്രശിക്ഷ കേരളം വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ വായന ചങ്ങാത്തം വായനശാലകളിലേക്കും. ജില്ല ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിലാണിത് വായനശാലകളിലേക്ക് വ്യാപിപ്പിക്കുന്നത്. കോവിഡിനെ തുടർന്ന് സ്കൂൾ അടച്ചിട്ടതിനാൽ ഭാഷാനൈപുണികളായ എഴുത്തിലും വായനയിലും വിടവുകളുണ്ടായതായി കണ്ടെത്തിയിരുന്നു. രസകരമായി കുട്ടികളെ സർഗാത്മക മികവിലേക്ക് നയിക്കാൻ രക്ഷിതാക്കളെ കൂടി ഇതിൽ പങ്കാളികളാക്കി. സ്കൂൾ തലത്തിൽ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പരിശീലനം നൽകി. അവധിക്കാലത്തും പദ്ധതി സജീവമാക്കാനാണ് സമഗ്ര ശിക്ഷ കേരളം ലൈബ്രറി കൗൺസിലുമായി ചേർന്ന് വായനച്ചങ്ങാത്തം വായനശാലകളിൽ നടപ്പാക്കുന്നത്. ഗ്രന്ഥശാല പ്രവർത്തകർ, അധ്യാപകർ, സമഗ്ര ശിക്ഷാ പ്രവർത്തകർ കൂട്ടായി പ്രവർത്തനത്തിന് നേതൃത്വം നൽകും. ആഴ്ചയിൽ മൂന്നു ദിവസങ്ങളിൽ ഒന്നോ രണ്ടോ മണിക്കൂർ കുട്ടികൾ വായനശാലകളിലെത്തും. സ്വതന്ത്ര വായന ആവിഷ്ക്കാരം, അനുഭവം പങ്കുവെക്കൽ, അവതരണം എന്നിവ നടക്കും. കുട്ടികൾ വായിച്ച കൃതികൾ പരിചയപ്പെടുത്തുക, രചനോത്സവം, കൈയെഴുത്ത് മാസിക തയാറാക്കൽ എന്നിവ പ്രവർത്തനങ്ങളും വായനച്ചങ്ങാത്തത്തിന്റെ ഭാഗമായി നടക്കും. ഏപ്രിൽ അവസാനത്തോടെ മുഴുവൻ വായനശാലകളിലും പദ്ധതി ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.