പയ്യന്നൂർ: കഴിഞ്ഞ രണ്ടുവർഷവും കോവിഡിൽ തളർന്ന പടക്കവിപണി ഇക്കുറി സജീവമാണ്. എന്നാൽ, സക്രിയമായ വിപണി അസമയത്തെത്തിയ വേനൽമഴയിൽ കുതിരുമോ എന്ന ആശങ്കയിലാണ് വ്യാപാരികൾ. കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ മഴ തുടരുകയാണെങ്കിൽ വിഷു സംക്രമദിവസം നിറഞ്ഞുകവിയാറുള്ള പടക്കക്കടകളിലെ പതിവുകാഴ്ച ഇക്കുറി ഉണ്ടാകാനിടയില്ല. മഴയിൽ പടക്കം ഉപയോഗിക്കാനാവില്ല എന്നതുതന്നെയാണ് കാരണം. അടുത്തവർഷം മുതൽ പുകയും ശബ്ദവും പരിമിതപ്പെടുത്തിയ ഹരിത പടക്കങ്ങളായിരിക്കും വിപണിയിലുണ്ടാവുക. അതുകൊണ്ട് ഉൽപാദനം പരിമിതപ്പെടുത്താനും കമ്പനികൾ നടപടി സ്വീകരിച്ചുവരുകയാണ്. ഇതുകാരണം ജനപ്രിയ ഇനങ്ങൾ ലഭിക്കാത്തതും തിരിച്ചടിയാവും. ഇതുവരെ വിപണിമാന്ദ്യമില്ലെങ്കിലും മഴ തുടർന്നാൽ പ്രതീക്ഷ തകരാനിടയുണ്ടെന്ന് വർഷങ്ങളായി ഈ മേഖലയിലെ വ്യാപാരിയായ പയ്യന്നൂർ തെക്കെ ബസാറിൽ പടക്കക്കട നടത്തുന്ന പി. തമ്പാൻ 'മാധ്യമ'ത്തോടു പറഞ്ഞു. മാത്രമല്ല, ഇക്കുറി കമ്പനികൾ വിലവർധിപ്പിച്ചതും തിരിച്ചടിയായി. ഓരോ സാധനത്തിനും ഇക്കുറി 20 മുതൽ 25 ശതമാനം വരെയാണ് വില കൂടിയത്. വെടിമരുന്ന് ക്ഷാമവും കൈകാര്യം ചെയ്യുന്നതിലെ നിയന്ത്രണവും തൊഴിലാളിക്ഷാമവും കാരണമാണ് വില കൂട്ടാൻ നിർബന്ധിതരായതിനു പിന്നിൽ. പൊട്ടുന്ന സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് പൊട്ടാത്ത നിരവധി പുതിയ ഇനങ്ങളാണ് വർഷങ്ങളായി വിപണി കൈയടക്കി വരുന്നത്. ഓരോ വർഷവും ഏതെങ്കിലുമൊരു പുതിയ ഇനം വരുന്നതും പതിവാണ്. ഇപ്പോൾ പുതിയ ഇനങ്ങൾ വരുന്നില്ലെന്നു മാത്രമല്ല, മുൻ വർഷങ്ങളിൽ വിപണി കീഴടക്കിയ ജനപ്രിയ ഇനങ്ങളായ പലതും ഇതുവരെ മിക്ക വിപണികളിലുമെത്തിയിട്ടില്ല. ഡിമാൻഡ് കൂടിയതോടെ ഇപ്പോൾ മാസങ്ങൾക്കുമുമ്പ് പണമടച്ച് കാത്തിരുന്നാലാണ് സാധനങ്ങൾ എത്തുന്നത്. പി.വൈ.ആർ പടക്കം: പയ്യന്നൂർ തെക്കെ ബസാറിലെ പടക്കക്കട
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.