വിഷു വിപണിയിൽ പാലക്കാടൻ കണിക്കലങ്ങൾ

എൻ. സിറാജുദ്ദീൻ തലശ്ശേരി: വിഷു അടുത്തെത്തിയതോടെ പാലക്കാടൻ മൺപാത്രങ്ങളുമായി സുബ്രഹ്മണ്യനും ഭാര്യ കമലവും സജീവമായി. വിഷുവിന്​ കണിവെക്കാനുള്ള കലങ്ങൾ ഉൾപ്പെടെയുള്ള വ്യത്യസ്​ത മൺപാത്രങ്ങളാണ് ഇവർ വിൽപനക്കായി റോഡരികിൽ നിരത്തിയിട്ടുള്ളത്. 22 വർഷമായി ഈ ദമ്പതികളുടെ സാന്നിധ്യം നഗരത്തിനുണ്ട്. തലശ്ശേരി മുനിസിപ്പൽ സ്​റ്റേഡിയത്തിനുമുന്നിലെ ടൂറിസ്​റ്റ്​ വാഹന പാർക്കിങ് പരിസരത്താണ്​ ഇവരുടെ വിൽപന കേന്ദ്രം. സ്​റ്റീൽ, അലൂമിനീയം, ഇൻഡാലിയം പാത്രങ്ങളുടെ തള്ളിക്കയറ്റത്തിൽ ഇടക്കാലത്ത്​ പിറകോട്ടുപോയ മൺപാത്ര വ്യവസായം പഴയതുപോലെ വീണ്ടും തിരിച്ചുവന്നിട്ടുണ്ട്​. പുതുതലമുറയും മൺപാത്രങ്ങൾ ഇഷ്​ടപ്പെട്ടു തുടങ്ങിയെന്നാണ്​ കച്ചവടക്കാരായ ദമ്പതികൾ പറയുന്നത്​. ഗ്യാസ്​ അടുപ്പിൽ വെച്ച്​ അപ്പങ്ങളും കറികളും പാകം ചെയ്യുന്നതിന്​ കട്ടികുറഞ്ഞ മൺപാത്രങ്ങളും വിൽപനക്കായി കൊണ്ടുവന്നിട്ടുണ്ട്​. കട്ടികൂടിയതിനും കുറഞ്ഞതിനും ​ വിലയിൽ ചെറിയ വ്യത്യാസമുണ്ട്. കളിമണ്ണിൽ നിർമിച്ച അടുപ്പുകളും ഇത്തവണ വിൽപനക്കുണ്ട്. 10 ലിറ്ററിലേറെ വെള്ളം സൂക്ഷിക്കാവുന്ന ടേപ്പോടുകൂടിയ വലിയ കൂജയാണ് പ്രത്യേകത. 750, 950 എന്നിങ്ങനെയാണ് ഇതിന്റെ വില. അടുപ്പിന്​ ​​ 350, 450 രൂപയും. കണിക്കലവും കറിച്ചട്ടികളുമാണ്​ ഏറെയുള്ളത്​. സാധാരണ വലുപ്പത്തിലുള്ള കണിക്കലത്തിന്​ വ്യത്യസ്ത വലിപ്പമനുസരിച്ച് 60 രൂപ മുതൽ 550 രൂപ വരെ വിലയുണ്ട്. കറിച്ചട്ടികൾക്ക്​ 120 രൂപ മുതൽ മേൽപോട്ടാണ്​ വില. കറുത്ത കറിച്ചട്ടിയുമുണ്ട്​. ജഗ്​, കൂജ, ഭരണി, ചെടിച്ചട്ടികൾ തുടങ്ങിയവയും സുലഭം. ജഗിന്​ 220, 320, 420 എന്നിങ്ങനെയാണ് വില. മൺ കൂജക്ക് 250, 350 രൂപ. വേനൽ കടുത്തതോടെ തണുത്ത വെള്ളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന കൂജക്ക്​ ആവശ്യക്കാരേറെയാണ്​. ചട്ടികൾക്കും ഭരണിക്കുമൊക്കെ വലുപ്പമനുസരിച്ച്​ വിലയിൽ അന്തരമുണ്ട്​. പുട്ടുകുറ്റി, അപ്പച്ചട്ടി, കുടുക്ക എന്നിവയും വിൽപനക്കുണ്ട്. കളിമണ്ണിന്റെ അപര്യാപ്​തതയും പാലക്കാടുനിന്നും തലശ്ശേരി വരെയുള്ള ട്രാൻസ്​പോർട്ടിങ് ചാർജിലെ വർധനയും കണക്കിലെടുത്ത്​ മൺപാത്രങ്ങൾക്ക്​ വിലയിൽ അൽപം വർധനവുണ്ട്​. എന്നാലും ആവശ്യക്കാരേറെയുണ്ടെന്ന്​ സു​​ബ്രഹ്മണ്യൻ പറഞ്ഞു. പാലക്കാട്​ ആലത്തൂർ താലൂക്കിലെ പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയാണ് സുബ്രഹ്മണ്യൻ. വിഷു, ഓണം സീസണുകളിലാണ് ഇവർ നേരത്തെ കച്ചവടത്തിനെത്തിയിരുന്നത്. എന്നാൽ, വർഷത്തിൽ ഭൂരിഭാഗം ദിവസങ്ങളിലും ഇപ്പോൾ ഇവർ മൺപാത്ര വിൽപനയുമായി തലശ്ശേരിയിൽ സജീവമാണ്. പടം......തലശ്ശേരി മുനിസിപ്പൽ സ്​റ്റേഡിയം പരിസരത്ത്​​ പാലക്കാട് ആലത്തൂർ സ്വദേശി കമലവും സുബ്രഹ്മണ്യനും മൺപാത്ര വിൽപനയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.