വ്യാപാരിയുടെ ഇടപെടല്‍; നഷ്ടപ്പെട്ട ഫോണ്‍ ഉടമക്ക് തിരിച്ചുകിട്ടി

ശ്രീകണ്ഠപുരം: കളഞ്ഞുകിട്ടിയ ഫോണ്‍ ഉടമക്ക് നല്‍കാതെ സ്വന്തമാക്കാന്‍ ശ്രമിച്ചയാളെ മൊബൈല്‍ ഫോൺ കടയുടമ പിടികൂടി. ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിനടുത്ത സാമ മൊബൈല്‍ ഷോപ്പുടമ സഹദിന്റെ ഇടപെടലിലാണ് ഉടമക്ക് ഫോണ്‍ തിരിച്ചുകിട്ടിയത്. തിങ്കളാഴ്ച വൈകീട്ടാണ് മൊബൈലുമായി നടുവില്‍ ഉത്തൂരിലെ വര്‍ഗീസ് (70) സഹദിന്റെ കടയിലെത്തിയത്. ഫോണിന്റെ ലോക്ക് അഴിക്കണമെന്നായിരുന്നു ആവശ്യം. സംശയം തോന്നിയ സഹദ് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ വര്‍ഗീസിന് ഉത്തരംമുട്ടി. ഫോണ്‍ ലോക്കഴിച്ച് പരിശോധിച്ചപ്പോള്‍ യഥാർഥ ഉടമയുടെ വിവരങ്ങളും ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ സഹിതം വര്‍ഗീസിനെ സഹദ് പൊലീസ് സ്റ്റേഷനില്‍ ഏൽപിക്കുകയായിരുന്നു. ശ്രീകണ്ഠപുരം -ചെമ്പന്തൊട്ടി റോഡരികിൽ നിന്നാണ് ഫോണ്‍ കളഞ്ഞുകിട്ടിയതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാള്‍ക്കെതിരെ നാമമാത്ര വകുപ്പുപ്രകാരം കേസെടുത്ത് താക്കീത് നല്‍കി വിട്ടയച്ചു. ഉടമസ്ഥന്‍ പരിപ്പായിയിലെ പഴയപുരയില്‍ സുമേഷിനെ വിളിച്ചുവരുത്തി ഫോണ്‍ കൈമാറുകയും ചെയ്തു. പെരിങ്ങോം ഭാഗത്ത് ജോലിക്കുപോയപ്പോൾ ഫോൺ നഷ്ടപ്പെട്ടതായി കാണിച്ച് കഴിഞ്ഞ ദിവസം സുമേഷ് പെരിങ്ങോം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഫോൺ ലഭിക്കാൻ കാരണക്കാരനായ വ്യാപാരിയെ നന്ദി അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.