ലഹരിക്കെതിരെ 'വിമുക്തി' സ്റ്റാള്‍

കണ്ണൂർ: വരിഞ്ഞു മുറുക്കിയ ഉഗ്രസര്‍പ്പത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാനാവാതെ നിലവിളിക്കുന്ന കുട്ടി, സൂചിമുനയില്‍ കിടന്ന് അന്ത്യശ്വാസം വലിക്കുന്ന യുവാവ്, അനാഥമായ മനുഷ്യാസ്ഥികൂടം... ഇത് എന്റെ കേരള മെഗാ എക്സിബിഷന്‍ പവലിയനില്‍ ലഹരി വര്‍ജന മിഷന്‍ വിമുക്തി സ്റ്റാളിലൊരുക്കിയ ദൃശ്യങ്ങളാണ്. ലഹരി വസ്തുക്കളുടെ വിപത്തുകള്‍ തിരിച്ചറിഞ്ഞ് അതില്‍നിന്ന് മോചിതരാവാന്‍ ബോധവത്കരണം നടത്തുന്ന എക്‌സൈസ് വകുപ്പിന്റെ വിമുക്തി സ്റ്റാള്‍ ജനശ്രദ്ധയാകര്‍ഷിക്കുകയാണ്. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള കണ്ണൂര്‍ പൊലീസ് മൈതാനിയിലെ എക്‌സിബിഷനിലാണ് ബോധവത്​കരണം നടക്കുന്നത്. വിവിധയിനം ലഹരി വസ്തുക്കളും അവ ഉപയോഗിച്ചാലുണ്ടാകുന്ന വിപത്തുകളെക്ക​​ുറിച്ചുള്ള ക്ലാസുകളും തത്സമയ ചോദ്യോത്തര പരിപാടിയും ഒരുക്കിയിട്ടുണ്ട്. ദിനംപ്രതിയുള്ള ചോദ്യോത്തര നറുക്കെടുപ്പിലൂടെ സമ്മാനം നേടാനുള്ള അവസരവും വിമുക്തി നല്‍കുന്നു. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് ആവശ്യമായ ലഹരി മോചന സൗജന്യ ചികിത്സ 'വിമുക്തി' പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ ലഭ്യമാണ്. ലഹരി മോചന ചികിത്സക്ക് വിധേയരാവുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ലഹരി സൃഷ്ടിക്കുന്ന സാമൂഹിക- ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും ആത്മഹത്യ പ്രവണത, കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച, സാംസ്‌കാരിക അധഃപതനം, സാമ്പത്തിക തകര്‍ച്ച, റോഡപകടങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ചിത്രങ്ങളും മാതൃകകളും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. പടം) സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം എക്സിബിഷന്‍ പവലിയനില്‍ എക്സൈസ് വകുപ്പ് ഒരുക്കിയ വിമുക്തി സ്റ്റാള്‍ VIMUKTHI stall kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.