ജില്ല ആസൂത്രണ സമിതി യോഗം ജലജീവന്‍ മിഷന്‍ പദ്ധതിക്കു കൂടുതല്‍ സഹായം തേടും

കണ്ണൂര്‍: തദ്ദേശ സ്ഥാപനങ്ങളിലെ മുഴുവന്‍ വീടുകളിലും പൈപ്പ് ലൈന്‍ വഴി കുടിവെള്ളമെത്തിക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായം തേടാന്‍ ജില്ല ആസൂത്രണ സമിതി യോഗം തീരുമാനിച്ചു. തദ്ദേശസ്ഥാപന വിഹിതവും ഉപഭോക്തൃ വിഹിതവും മാത്രം ചേര്‍ന്നാലും ആവശ്യമായ തുക ഇതിന് കണ്ടെത്താനാകില്ലെന്ന് യോഗം വിലയിരുത്തി. പൈപ്പിടല്‍ പൂര്‍ത്തിയായാല്‍ അറ്റകുറ്റ പ്രവൃത്തിയുടെ ചുമതല വാട്ടര്‍ അതോറിറ്റിക്ക് നല്‍കണമെന്ന നിര്‍ദേശവും സമിതി മുന്നോട്ടുവെച്ചു. 2022-23 വര്‍ഷത്തെ നിര്‍മാണ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജൂലൈ മാസത്തിനകം തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ കാര്‍ഷിക മേഖലയില്‍ 96.6 ശതമാനവും മൃഗസംരക്ഷണത്തിന് 91.99 ശതമാനവും ക്ഷീരമേഖലയില്‍ 96.59 ശതമാനവും ഫണ്ട് ഉപയോഗിച്ചിരുന്നു. കൂടുതല്‍ തുക വിനിയോഗിച്ച തദ്ദേശ സ്ഥാപനങ്ങളെ സമിതി അഭിനന്ദിച്ചു. സമ്പൂര്‍ണ ജല ശുചിത്വ യജ്ഞം 2022ന്റെ ഭാഗമായി 'തെളിനീരൊഴുകും നവകേരളം' കാമ്പയിന്‍ ജില്ലയില്‍ നടത്തും. ഇതിനായി ഏപ്രില്‍ 25നകം മുഴുവന്‍ വാര്‍ഡുകളിലും ശുചിത്വ യോഗം ചേരും. ഡി.പി.സി ചെയര്‍പേഴ്സനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസന്‍ എം.പി, മേയര്‍ ടി.ഒ. മോഹനന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, കലക്ടര്‍ എസ്. ചന്ദ്രശേഖര്‍, പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. നവകേരളം കര്‍മപദ്ധതി രണ്ടിന്റെ മാര്‍ഗരേഖയും യോഗത്തില്‍ പ്രകാശനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.