ഡമ്പിങ് യാർഡിൽ മാലിന്യക്കൂമ്പാരം; അഗ്നിഭയത്തിൽ നാട്ടുകാർ

തളിപ്പറമ്പ്: കുറുമാത്തൂർ വെള്ളാരംപാറയിലെ പൊലീസ് ഡമ്പിങ് യാർഡിന് സമീപം കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യം ഭീഷണിയുയർത്തുന്നു. സ്ഥിരം തീപിടിത്ത മേഖലയായ ഇവിടെ പഞ്ചായത്ത് ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് കൂട്ടിയിട്ടിരിക്കുന്നത്. സംസ്ഥാന പാതയിൽ കരിമ്പത്തിനും ചെറുക്കളക്കും ഇടയിലെ സ്ഥിരം തീപിടിത്തമുണ്ടാകുന്ന വെള്ളാരംപാറയിലാണ് കുറുമാത്തൂർ പഞ്ചായത്ത് ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. ഈ സ്ഥലത്തും സമീപത്തുമായി ഈ വർഷം തന്നെ ഏഴുതവണ ചെറുതും വലുതുമായ തീപിടിത്തമുണ്ടായിരുന്നു. ഡമ്പിങ് യാർഡിലെ വാഹനങ്ങൾക്കും തീപിടിച്ചിരുന്നു. വിവിധ കേസുകളിൽപെട്ട നിരവധി വാഹനങ്ങളാണ് ഡമ്പിങ് യാർഡിൽ സൂക്ഷിച്ചിരിക്കുന്നത്. തുറന്ന സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിങ് മാലിന്യത്തിന് തീപിടിച്ചാൽ അത് യാർഡിലേക്കുപടർന്ന് വാഹനങ്ങൾ കത്തുകയും സമീപ സ്ഥലങ്ങളിലുള്ളവർക്ക് ഉൾപ്പെടെ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് നാട്ടുകാരുടെ ആശങ്ക. പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്ലാസ്റ്റിക് മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.