സ്മാർട്ട് @ ധർമടം വില്ലേജ് ഓഫിസ്

സ്വന്തം ലേഖകൻ തലശ്ശേരി: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് 44 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കിയ സ്മാർട്ട് വില്ലേജ് ഓഫിസ് പ്രവർത്തന സജ്ജമാകുന്നു. ധർമടം മീത്തലെ പീടികയിൽ രണ്ടു നിലകളിലായി നിർമിച്ച വില്ലേജ് ഓഫിസ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. കണ്ണൂർ - തലശ്ശേരി ദേശീയപാതയിൽ മീത്തലെ പീടികയിൽ നേരത്തെ പ്രവർത്തിച്ച കെട്ടിടം പൊളിച്ചാണ് ഇരുനിലകളിലായി പുതിയ ഓഫിസ് നിർമിച്ചത്. ഭിന്നശേഷി സൗഹൃദ മാതൃകയിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. പഴയ കെട്ടിടത്തിന് 20 വർഷത്തിലേറെ പഴക്കമുണ്ടായിരുന്നു. ഇവിടെ മഴക്കാലത്ത് ചോർച്ച രൂക്ഷമായതോടെ ഫയലുകൾ നനഞ്ഞ് ഓഫിസ് പ്രവർത്തനം അവതാളത്തിലാകുന്ന അവസ്ഥയിലായപ്പോഴാണ് പുതിയ കെട്ടിടത്തിനുള്ള ആവശ്യമുയർന്നത്. ഇതേ തുടർന്ന് ഓഫിസിലെ ഫയലുകളിൽ ചിലത് തലശ്ശേരി താലൂക്ക് ഓഫിസിലേക്ക് മാറ്റേണ്ടി വന്നു. ദൈനംദിന പ്രവർത്തനം മേലൂർ ശിശു മന്ദിരത്തിലേക്കും മാറ്റി. 2018 മുതൽ മൂന്ന് വർഷം ഇവിടെയായിരുന്നു ധർമടം വില്ലേജ് ഓഫിസ് പ്രവർത്തിച്ചത്. ഇവിടത്തെ ചെറിയ മുറികളിൽ അസൗകര്യങ്ങൾ കൂടിയതോടെ ഓഫിസിന് പിന്നെയും സ്ഥാനചലനമുണ്ടായി. അഞ്ച് കിലോമീറ്റർ ദൂരപരിധിയിലുള്ള തലശ്ശേരിയിലെ റവന്യൂ കെട്ടിടത്തിലാണ് ഓഫിസ് മാറ്റിയത്. ധർമടത്തുകാർക്ക് തലശ്ശേരിയിലെത്തി കാര്യങ്ങൾ നിർവഹിക്കാനുള്ള പ്രയാസങ്ങൾ കടുത്തതോടെ പ്രതിഷേധം വ്യാപകമായി. ദിവസങ്ങൾക്കകം തലശ്ശേരിയിൽ നിന്നും ഓഫിസ് ചിറക്കുനിയിലേക്ക് മാറി. ഇവിടെ അബു - ചാത്തുക്കുട്ടി മിനി സ്റ്റേഡിയത്തിലുള്ള കെട്ടിടത്തിലാണിപ്പോൾ ധർമടം വില്ലേജ് ഓഫിസ് താൽക്കാലികമായി പ്രവർത്തിക്കുന്നത്. പടം..... നിർമാണം പൂർത്തിയായ ധർമടം വില്ലേജ് ഓഫിസിന്റെ പുതിയ കെട്ടിടം .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.