ധർമടത്ത് കടലിൽ പൂണ്ട കപ്പൽ പൊളിക്കൽ അവസാന ഘട്ടത്തിൽ

തലശ്ശേരി: ധർമടം തുരുത്തിന് സമീപം ഒഴുകിയെത്തിയ കപ്പൽ പൊളിച്ച് മാറ്റുന്ന പ്രവൃത്തി അന്തിമഘട്ടത്തിൽ. കപ്പലിനിടയിൽ മണൽ നിറഞ്ഞതിനാൽ അണ്ടർവാട്ടർ കട്ടേഴ്സിനെ കൊണ്ടുവന്ന് പൊളിച്ചുനീക്കാനാണ് ആലോചന. സംഘം അടുത്ത ദിവസംതന്നെ ധർമടത്തെത്തും. 40 ദിവസത്തിനകം പൂർണമായും കപ്പൽ പൊളിച്ചുനീക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. മാലി കപ്പലിന്റെ പുറംഭാഗങ്ങൾ പൊളിച്ചുനീക്കി ക്രെയിൻ ഉപയോഗിച്ച് കരക്കെത്തിച്ചിട്ടുണ്ടെങ്കിലും വെള്ളത്തിനടിയിൽ പൂണ്ട കപ്പലിന്റെ മറ്റു ഭാഗങ്ങൾ പൊളിക്കാനായിട്ടില്ല. രണ്ടര വർഷത്തോളമായി കപ്പൽ കടലിൽ പൂണ്ടു കിടക്കുകയായിരുന്നു. മണൽ നിറഞ്ഞതിനാൽ കപ്പൽ നീക്കുന്നത് ശ്രമകരമായിരുന്നു. ചെന്നൈയിൽനിന്നുള്ള അണ്ടർവാട്ടർ കട്ടേഴ്സ് വന്നാൽ പൊളിച്ചുനീക്കുന്നത് വിജയകരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അഴീക്കൽ സിൽക്കാണ് പ്രവൃത്തി നടത്തുന്നത്. പൊളിച്ച കപ്പലിന്റെ മേൽഭാഗങ്ങൾ കരയിൽ എത്തിച്ചിട്ടുണ്ട്. പൂർണമായും പൊളിച്ച ശേഷം കപ്പലിന്റെ ഭാഗങ്ങൾ തൂത്തുക്കുടിയിലെത്തിക്കും. 2019ലാണ് അഴീക്കൽ സിൽക്കിൽ പൊളിക്കാൻ കൊണ്ടുവന്ന മാലിദ്വീപിൽനിന്നുള്ള ചരക്ക് കപ്പൽ കടൽക്ഷോഭത്തിൽ നിയന്ത്രണംവിട്ട് ധർമടം തുരുത്തിന് സമീപം ഒഴുകിയെത്തിയത്. മണൽത്തിട്ടയിൽ ഇടിച്ചുനിന്ന കപ്പൽ അഴീക്കലിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് നീണ്ട ചർച്ചകൾക്ക് ശേഷമാണ് കപ്പൽ കടലിൽ വെച്ച് പൊളിക്കുന്ന ജോലിയാരംഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.