പന്ന്യന്നൂരില്‍ അടുക്കള മാലിന്യം സംസ്‌കരിക്കാന്‍ 'ബൊക്കാഷി' ബക്കറ്റുകള്‍

പാനൂർ: വീടുകളിലെ അടുക്കള മാലിന്യം വളമാക്കി മാറ്റാന്‍ പന്ന്യന്നൂര്‍ പഞ്ചായത്തില്‍ ഇനി 'ബൊക്കാഷി ബക്കറ്റുകള്‍' ഉപയോഗിക്കും. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടത്തില്‍ 274 കുടുംബങ്ങള്‍ക്കാണ് ബക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങള്‍ അഴുകുന്നതിനുമുമ്പ് കമ്പോസ്റ്റാക്കി മാറ്റുന്ന വായുരഹിത അഴുകലിന്റെ രൂപമാണ് ബൊക്കാഷി. ദുര്‍ഗന്ധം പരത്തില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. മാലിന്യം ശേഖരിക്കാനുള്ള ബക്കറ്റ്, മാലിന്യ പ്രസര്‍, അരിപ്പ എന്നിവയാണ് ഒരുകിറ്റിലുണ്ടാവുക. ബൊക്കാഷി നിര്‍മാണത്തിന്റെ പ്രധാന ഘടകം ലാക്റ്റോബാസിലസ് ബാക്ടീരിയയാണ്. ഈ സൂക്ഷ്മാണു അടങ്ങിയ പൊടിയും ബക്കറ്റിനൊപ്പം ലഭിക്കും. ഇത് ഉപയോഗിച്ചാണ് മാലിന്യം കമ്പോസ്റ്റാക്കി മാറ്റുന്നത്. മാലിന്യത്തിന്റെ അളവിന് ആനുപാതികമായി പൊടി ചേര്‍ക്കണം. ഈ ബാക്ടീരിയയാണ് ദുര്‍ഗന്ധം വരാതെ കമ്പോസ്റ്റ് തയാറാക്കാന്‍ സഹായിക്കുന്നത്. കമ്പോസ്റ്റ് നിര്‍മിക്കാന്‍ ബക്കറ്റില്‍ ആദ്യം ശര്‍ക്കര ഇടണം. അതിനു മുകളില്‍ അരിപ്പവെച്ച് അടക്കുക. പിന്നീട് ജൈവമാലിന്യം നിക്ഷേപിക്കാം. ബക്കറ്റ് നിറഞ്ഞശേഷം വായു കടക്കാതെ 15 ദിവസം അടച്ചു​വെച്ചാൽ കമ്പോസ്റ്റ് തയാറാകും. ഖരരൂപത്തിലുള്ള കമ്പോസ്റ്റ് ജൈവവളമായും ബക്കറ്റിന്റെ അടിവശത്തെ ടാപ്പിലൂടെ ശേഖരിക്കുന്ന ദ്രാവകം കീടനാശിനിയായും ഉപയോഗിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.