കുട്ടികളോട് അപമര്യാദ കാട്ടിയാൽ ബസ് പെര്‍മിറ്റ് റദ്ദാക്കണം - ബാലാവകാശ കമീഷന്‍

കണ്ണൂർ: കേരളത്തിലെ സ്വകാര്യ ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമീഷന്‍ നിർദേശിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറും സംസ്ഥാന പൊലീസ് മേധാവിയും ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ബാലാവകാശ കമീഷന്‍ അംഗം റെനി ആന്റണി നിർദേശം നല്‍കി. സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം നിഷേധിക്കുന്നതും സീറ്റ് ഒഴിഞ്ഞുകിടന്നാലും കുട്ടികളെ ഇരിക്കാന്‍ അനുവദിക്കാത്തതും കമീഷന്‍ ഗൗരവമായാണ് കാണുന്നത്. വിദ്യാര്‍ഥികള്‍ കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നതും സീറ്റില്‍ ഇരുന്നുള്ള യാത്ര നിഷേധിക്കുന്നതും കുട്ടികളോടുള്ള കടുത്ത വിവേചനവും കുട്ടികള്‍ക്കായുള്ള ദേശീയവും അന്തര്‍ദേശീയവുമായ അവകാശ നിയമങ്ങളുടെ ലംഘനവുമാണെന്ന് കമീഷന്‍ വിലയിരുത്തി. ഇത്തരം സംഭവങ്ങളുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും ട്രാന്‍സ്‌പോര്‍ട്ട് കമീഷണറോട് നിർദേശിച്ചു. ഇടുക്കി സ്വദേശി റ്റോം ജോസഫ് ബാലാവകാശ കമീഷന് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് നിർദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.