കണ്ണൂർ: സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന നടപ്പാക്കുന്ന വിശപ്പുരഹിത കേരളം 'സുഭിക്ഷ ഹോട്ടലുകൾ' ആരംഭിക്കുന്നതിന് കണ്ണൂരിലും പിലാത്തറയിലും സ്ഥലം കണ്ടെത്തിയതായി ജില്ല വികസന സമിതി യോഗത്തിൽ അറിയിച്ചു. കണ്ണൂർ നിയോജക മണ്ഡലത്തിൽ ജില്ല പഞ്ചായത്ത് കെട്ടിടത്തിൽ സുഭിക്ഷ ഹോട്ടലിനായി 1500 ചതുരശ്ര അടി സ്ഥലം നൽകും. കല്യാശ്ശേരി നിയോജക മണ്ഡലത്തിൽ പിലാത്തറയിൽ ചെത്തുതൊഴിലാളി സഹകരണ സംഘം സുഭിക്ഷ ഹോട്ടലിന് വാടകയില്ലാതെ സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. മറ്റ് മണ്ഡലങ്ങളിൽ ഹോട്ടലിന് സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഇതിന് പഞ്ചായത്തുകൾക്ക് സഹായം നൽകണമെന്ന് അധ്യക്ഷനായ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. പഞ്ചായത്തുകൾ സംയുക്ത കുടിവെള്ള പദ്ധതിക്കായി വാർഷിക പദ്ധതിയിൽ തുക വകയിരുത്തണമെന്ന് യോഗം നിർദേശിച്ചു. വിവിധ പട്ടികവർഗ കോളനികളിലെ കുടിവെള്ള ആവശ്യം പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ ജല അതോറിറ്റിക്കും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നിർദേശം നൽകി. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കേണ്ടതിന്റെ ആവശ്യകത പരിശോധിക്കണം. കണ്ണൂർ കോർപറേഷനിൽ വാതക ശ്മശാനം നിർമിക്കാൻ കോർപറേഷൻ സെക്രട്ടറി സമർപ്പിച്ച രണ്ടുകോടി രൂപയുടെ ഡി.പി.ആറിന് ഭരണാനുമതി നൽകിയതായി എ.ഡി.സി ജനറൽ അറിയിച്ചു. ആറളം ഫാമിലെ ആനമതിൽ എട്ട് മാസത്തിനകം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയതായി ഐ.ടി.ഡി.പി ഓഫിസർ അറിയിച്ചു. പാട്യം പഞ്ചായത്തിലെ അമ്മാറമ്പ് അംബേദ്കർ കോളനിയിൽ ഒരുകോടി ചെലവഴിച്ചുള്ള പ്രവൃത്തി ഏതാണ്ട് പൂർത്തീകരിച്ചതായും ബാക്കി തുക ഉപയോഗിച്ച് എം.എൽ.എ ആവശ്യപ്പെട്ട പ്രവൃത്തി നടപ്പിലാക്കാമെന്നും ഐ.ടി.ഡി.പി ഓഫിസർ പറഞ്ഞു. ഇരിട്ടി താലൂക്ക് സിവിൽ സപ്ലൈസ് കെട്ടിട നിർമാണത്തിന് പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം അനുവദിക്കുന്നതിന് നിർദിഷ്ട മാതൃകയിൽ സർക്കാറിലേക്ക് അപേക്ഷ നൽകാൻ ജില്ല സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി. പിലാത്തറ -പാപ്പിനിശ്ശേരി റോഡിലെ സൗരോർജ വിളക്ക് അറ്റകുറ്റപ്പണിക്കായി കെ.എസ്.ടി.പിക്ക് ഡി.പി.ആർ സമർപ്പിച്ചതായി അനേർട്ട് അറിയിച്ചു. പിലാത്തറ ഇൻഡോർ സ്‌റ്റേഡിയം ശൗചാലയങ്ങളുടെ നിർമാണം പൂർത്തീകരിച്ച് മാർച്ച് അവസാനവാരം തുറന്നുകൊടുക്കും. പുതിയങ്ങാടി ഫിഷ് ലാൻഡിങ് സൻെററിലെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാൻ നിർദേശം നൽകും. വല നെയ്യുന്നതിന് ഷെഡിന് നിർദേശം തയാറാക്കി അയക്കുമെന്ന് ഹാർബർ എൻജിനീയറിങ് എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജലജീവൻ മിഷൻ ഗാർഹിക കണക്ഷന്റെ ട്രയൽ റൺ മാർച്ച് 31ഓടെ പൂർത്തിയാക്കി മുഴുവൻ വീടുകളിലും ജലവിതരണം നടത്തുമെന്ന് വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കിഫ്ബി പ്രവൃത്തിയായ കാവിൻമുനമ്പ് പാലത്തിന്റെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ആവശ്യമായ ഡിസൈൻ മാറ്റങ്ങൾ ഉൾപ്പെടുത്തി എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി സമർപ്പിക്കുമെന്ന് കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ഓൺലൈനായി ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളുടെ പദ്ധതി നിർവഹണ പുരോഗതി അവലോകനം ചെയ്തു. ഡോ. വി. ശിവദാസൻ എം.പി, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, അഡ്വ. സണ്ണി ജോസഫ്, കെ.പി. മോഹനൻ, സജീവ് ജോസഫ്, ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.