ഹരിദാസ് വധം: അന്വേഷണം വിപുലമാക്കി

നിരീക്ഷണത്തിലുള്ള പൊലീസുകാരനെ ഇന്നലെയും ചോദ്യം ചെയ്തു തലശ്ശേരി: പുന്നോൽ താഴെവയലിലെ സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ ഹരിദാസിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വിപുലമാക്കി. കേസുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ള കണ്ണവം പൊലീസ് സ്‌റ്റേഷനിലെ പൊലീസുകാരനെ വ്യാഴാഴ്ചയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലാണ്. കൊലയാളി സംഘത്തിന് പൊലീസുകാരനിൽനിന്ന് മറ്റേതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിർണായകമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ അഡീഷനൽ എസ്.പി പ്രിൻസ് അബ്രഹാമിനാണ് അന്വേഷണ ചുമതല. അതേസമയം കൊലയാളി സംഘത്തിൽ നേരിട്ട് പങ്കെടുത്തിട്ടുള്ളവരിൽ ചിലർ ഒളിവിലാണെന്നാണ് വിവരം. ഇവരെക്കുറിച്ചും വിശദ അന്വേഷണം നടക്കുന്നുണ്ട്. ഉത്തരമേഖല ഐ.ജി അശോക് യാദവ് കേസിന്റെ സ്ഥിതിഗതി വിലയിരുത്താനായി ബുധനാഴ്ച കണ്ണൂരിലെത്തിയിരുന്നു. കേസിലെ മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന് അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പുന്നോലിലെ കല്ലറ ഉഷയുടെ വീട് വ്യാഴാഴ്ച ഫോറൻസിക് സംഘം പരിശോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.