കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച തുറന്നില്ല; രോഗികൾ ദുരിതത്തിൽ

കേളകം: കൊട്ടിയൂർ പഞ്ചായത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച അടച്ചിട്ടതോടെ രോഗികൾ ദുരിതത്തിൽ. സാധാരണ ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ഒ.പി പ്രവർത്തിക്കേണ്ടതാണ്. എന്നാൽ, ഈ ഞായറാഴ്ച കുടുംബാരോഗ്യ കേന്ദ്രം അടച്ചിട്ടതോടെയാണ് രോഗികൾ പരാതിയുമായി രംഗത്തെത്തിയത്. പനിയടക്കമുള്ള രോഗമുള്ളവർക്ക് ആശ്രയമാകേണ്ട കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ചകളിൽ അടച്ചിടുന്നതോടെ ദുരിതത്തിലാകുന്നത് നിരവധി രോഗികളാണ്​. ആരോഗ്യകേന്ദ്രം അടച്ചിട്ട സംഭവത്തിൽ കലക്ടർക്കും മറ്റ് ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന്​ നാട്ടുകാർ പറഞ്ഞു. എന്നാൽ, കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവംകൊണ്ടാണ്​ ഞായറാഴ്ച അടച്ചിടേണ്ടി വന്നതെന്നും ഒഴിവ് നികത്താൻ പഞ്ചായത്തിന് അപേക്ഷ നൽകിയതായും മെഡിക്കൽ ഓഫിസർ പറഞ്ഞു. നാല് ഡോക്ടർമാരുള്ള കുടുംബാരോഗ്യ കേന്ദ്രത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.