നടുവിൽ പഞ്ചായത്ത് ഇനി യു.ഡി.എഫിന്​

പടം -ബേബി ഓടംപള്ളിൽ ശ്രീകണ്ഠപുരം: ഏറെ നാടകീയ നീക്കങ്ങൾക്കൊടുവിൽ നടുവില്‍ പഞ്ചായത്ത് പ്രസിഡന്‍റായി യു.ഡി.എഫിലെ ബേബി ഓടംപള്ളില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ സി.പി.എമ്മിലെ സാജു ജോസഫിനെ ഏഴിനെതിരെ 11 വോട്ടുകള്‍ക്കാണ് ബേബി പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ ഒരംഗം ഒഴികെ മറ്റുള്ളവരെല്ലാം യോഗത്തിലെത്തിയിരുന്നു. റെജി പടിഞ്ഞാറെ ആനശ്ശേരിയാണ് യോഗത്തിനെത്താതെ വിട്ടുനിന്നത്. ബേബിയെ പ്രസിഡന്‍റാക്കി ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചതോടെ സി.പി.എം ഭരണത്തിന്​ അന്ത്യമായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചെങ്കിലും കോൺഗ്രസിലെ ഗ്രൂപ്പുകളിയെ തുടർന്ന് അപ്രതീക്ഷിത നീക്കങ്ങള്‍ക്കൊടുവില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ ബേബി ഓടംപള്ളില്‍ സി.പി.എം പിന്തുണയോടെ പ്രസിഡന്‍റാവുകയായിരുന്നു. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് ജയിച്ച രേഖ രഞ്ജിത്ത് വൈസ് പ്രസിഡന്‍റാവുകയും ചെയ്തു. എന്നാൽ, കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ നടത്തിയ തന്ത്രത്തിലൂടെ മധുവിധു തീരുംമുമ്പേ സി.പി.എമ്മിൽനിന്ന് ഭരണം അട്ടിമറിക്കുകയായിരുന്നു. കെ. സുധാകരന്റെ അടുത്ത അനുയായി ബേബിയെ അദ്ദേഹം ഇടപെട്ടാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിച്ചത്. എ ഗ്രൂപ്പിന്റെ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധം ശക്തമായിട്ടും തീരുമാനത്തില്‍ കെ.പി.സി.സിയും ഡി.സി.സിയും ഉറച്ചുനിന്നതോടെ യു.ഡി.എഫിലെ ഒരാളൊഴികെ ബേബി ഓടംപള്ളിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഡി.സി.സിയുടെ വിപ് ഏഴംഗങ്ങള്‍ കൈപ്പറ്റിയെങ്കിലും രണ്ടുപേര്‍ നേരിട്ട് കൈപ്പറ്റാന്‍ തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം ഡി.സി.സിയുടെ പ്രത്യേക ദൂതന്‍ ഇവരുടെ വീടുകളിലെത്തി വിപ് പതിച്ചിരുന്നു. ഇവര്‍ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ബുധനാഴ്ച ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിലും റെജി ഒഴികെയുള്ളവർ കൃത്യസമയത്തുതന്നെ എത്തി ബേബിക്ക് വോട്ടുചെയ്തു. നിലവിലെ അംഗങ്ങളില്‍ കോണ്‍ഗ്രസില്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്നത് ബേബി ഓടംപള്ളിയാണ്. സ്വാഭാവികമായും പ്രസിഡന്‍റ്​ സ്ഥാനം ബേബിക്ക് ലഭിക്കുമെന്ന് കരുതിയെങ്കിലും അന്ന് അത് നടക്കാതെ വന്നപ്പോഴാണ് സി.പി.എം പിന്തുണയോടെ ബേബി പ്രസിഡന്‍റായത്​. അന്ന് ബേബിക്കെതിരെ നിലപാടെടുത്ത ഡി.സി.സി ഇപ്പോൾ അനുകൂല നിലപാട് സ്വീകരിക്കുകയും വീണ്ടും ബേബിയെത്തന്നെ പ്രസിഡന്‍റാക്കി സി.പി.എമ്മിന് തിരിച്ചടി നൽകുകയും ചെയ്തു. **** ആലക്കോട്ട്​ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു ശ്രീകണ്ഠപുരം: ബേബി ഓടംപള്ളിയെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയതിൽ പ്രതിഷേധിച്ച് ആലക്കോട്ടെ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ രാജിവെച്ചു. കോണ്‍ഗ്രസിലെ എല്ലാ സ്ഥാനങ്ങളുമാണ് രാജിവെച്ചത്. ആലക്കോട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ ബിജു ഓരത്തേല്‍, ബ്ലോക്ക് സെക്രട്ടറിമാരായ ബാബു കിഴക്കേപ്പറമ്പില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുകൂടിയായ ത്രേസ്യാമ്മ ജോസഫ്, നടുവില്‍ മണ്ഡലം വൈസ് പ്രസിഡന്‍റും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ ബിന്ദു ബാലന്‍, സെക്രട്ടറി കെ.വി. മുരളീധരന്‍ എന്നിവരാണ് വ്യാഴാഴ്ച രാവിലെ ബ്ലോക്ക് പ്രസിഡന്‍റ്​ ദേവസ്യ പാലപ്പുറത്തിന് രാജിക്കത്ത് നല്‍കിയത്. ഉള്ളിൽ പ്രതിഷേധമുണ്ടെങ്കിലും എ ഗ്രൂപ്പിന്‍റെ ജില്ലയിലെ പ്രമുഖ നേതാക്കളാരും നടുവിൽ വിഷയത്തിൽ കെ.പി.സി.സി തീരുമാനത്തിനെതിരെ പ്രതികരിച്ചിട്ടില്ലെന്നത് അമർഷം അണയുമെന്നതിന്‍റെ സൂചനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.