ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവ് നൽകിയതിനാൽ നഗരത്തിൽ ജനത്തിരക്കേറി കണ്ണൂർ: കോവിഡ് മഹാമാരിക്കാലത്തെ രണ്ടാമത്തെ തിരുവോണത്തിനെ വരവേൽക്കാനൊരുങ്ങി കണ്ണൂർ. കഴിഞ്ഞ വർഷത്തിൽനിന്ന് വ്യത്യസ്തമായി ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾക്ക് അൽപം ഇളവ് നൽകിയതിനാൽ പൂക്കളും ഓണക്കോടിയും അവശ്യസാധനങ്ങളും വാങ്ങാൻ ജനം പുറത്തിറങ്ങി. ഉത്രാടപ്പാച്ചിലിന് നല്ല തിരക്കാണ് വെള്ളിയാഴ്ച ജില്ലയിൽ അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പൂവിപണി ഉത്രാടദിവസം അൽപം സജീവമായി. പൊതുവേ തെളിഞ്ഞ കാലാവസ്ഥയായതിനാൽ ആളുകൾക്ക് സാധനം വാങ്ങാനും മറ്റും സൗകര്യമായി. ഉത്രാടദിനത്തിൽ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിലും റോഡുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കണ്ണൂരിലടക്കം മിക്ക നഗരങ്ങളിലും ഗതാഗതക്കുരുക്കുണ്ടായി. തെരുവുകച്ചവടം ക്രമീകരിച്ച പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് ഓണസാധനങ്ങൾ വാങ്ങാൻ ജനം ഒഴുകിയെത്തി. പച്ചക്കറികൾക്കടക്കം കാര്യമായ വിലവർധനയില്ലാത്തതിനാൽ ഇത്തവണ ഓണവിപണി പൊള്ളിയില്ല. ഇലക്ട്രോണിക്സ് കടകളിലും മൊബൈൽ ഫോൺ, വാഹന ഷോറൂമുകളിലും തിരക്കനുഭവപ്പെട്ടു. സദ്യക്കുള്ള വട്ടങ്ങളും സാധനങ്ങളും മറ്റും വാങ്ങാനാണ് ഗ്രാമങ്ങളിൽ തിരക്കുണ്ടായത്. ഓണവിപണി ലക്ഷ്യമിട്ട് നിരവധി വഴിയോര കച്ചവടക്കാരും നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിരത്തുകളിൽ നിരന്നിട്ടുണ്ട്. വാഹനങ്ങളിലും മറ്റും സാധനങ്ങൾ വിൽപനക്കെത്തിക്കുന്നവരും വിപണി കീഴടക്കി. ആൾക്കൂട്ടം നിറഞ്ഞ ആഘോഷങ്ങൾ ഇത്തവണയുമില്ല. കടകളിലും തെരുവുകളിലും കോവിഡ് ചട്ടം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസും രംഗത്തുണ്ട്. ഓണത്തിന് തെരുവുകൾ കീഴടക്കാറുള്ള പൂക്കച്ചവടക്കാർ ഇത്തവണയും കാര്യമായി എത്തിയില്ല. പൊതുവേ വീടുകളിൽ നാടൻപൂക്കൾകൊണ്ടാണ് പൂക്കളമൊരുക്കിയത്. കഴിഞ്ഞവർഷം ഉത്രാടപ്പാച്ചിലും ഓണാഘോഷവും പേരിനുമാത്രമായിരുന്നു. നിയന്ത്രണങ്ങളുണ്ടെങ്കിലും ഇത്തവണ അനുവദിച്ച ഇളവുകളുടെ സന്തോഷത്തിലാണ് മലയാളി. photo: giri
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.