മാലാഖമാരാൽ ആശ്ലേഷിക്കപ്പെടുന്ന വിശ്വാസികൾബഷീർ കളത്തിൽ (ഖതീബ്, മസ്ജിദുസ്സലാം, ചേറ്റംകുന്ന്)റമദാനിലെ അവസാനദിവസങ്ങൾ കഠിനമായ തപസ്സിൻെറ നാളുകളാണ്. ഇസ്ലാമിൽ സന്യാസമില്ല. എന്നാൽ, റമദാനിലെ അവസാനത്തെ 10 ദിനരാത്രങ്ങൾ ആത്മീയതയുടെ പാരമ്യതയിലേക്ക് വിശ്വാസിയെ ആനയിക്കുന്നു. ഇതാകട്ടെ സമർപ്പണത്തിൻെറ ആത്യന്തികതയെയാണ് സ്വാംശീകരിക്കുന്നത്. അത്രമേൽ ദൈവത്തിൻെറ ഇഷ്ടക്കാരനാവുകയും ദൈവം മോക്ഷത്തിനും ക്ഷേമത്തിനുമായി നൽകിയ വചനങ്ങളെ സാർഥകമാക്കാനുള്ള വ്യഗ്രത പ്രകടിപ്പിക്കുകയുമാണ് റമദാനിലെ വിശ്വാസി. ഇതോടെ നിർഭയത്വവും സന്തോഷവും ലക്ഷ്യബോധവും വിശ്വാസിയുടെ കൈമുതലായി മാറുന്നു. മുന്നിൽ ഇരുട്ട് മാത്രമാവുകയും ഭയവിഹ്വലനാവുകയും ചെയ്ത മാനവതയോട് ദൈവം പറഞ്ഞതും അത് തന്നെയാണ്. ''എന്നിൽനിന്ന് സന്മാർഗം വന്നുലഭിച്ചാൽ അത് പിൻപറ്റുക എങ്കിൽ ദുഃഖമോ ഭയമോ ഉണ്ടാവുകയില്ല''.റമദാൻെറ അവസാന ദിനരാത്രങ്ങളിലൊന്നിൽ മാലാഖമാരാൽ ആശ്ലേഷിക്കപ്പെടുന്ന രാവുണ്ട്. വ്യക്തിയുടെ മനസ്സും ശരീരവും വ്രത വിശുദ്ധിയാൽ ശുദ്ധീകരിക്കപ്പെട്ടാൽ പിന്നെ മാലാഖമാരുടെ സാമീപ്യമെത്തുമെന്ന് സാരം. ഇങ്ങനെ ഭാവനാലോകത്ത് മാത്രമൊതുങ്ങുകയല്ല വ്രതവിശുദ്ധി. പ്രായോഗിക ജീവിതത്തിൽ തൻെറ ധർമവും കർമവുമെന്തെന്നതിനെക്കുറിച്ച് ഉത്തമബോധ്യം വേണം.റമദാനിലെ അവസാന രാവുകളിൽ കഠിന താപസനാവുന്ന വിശ്വാസി ദൈവികശിക്ഷയിൽനിന്ന് മുക്തനാണെന്ന് പഠിപ്പിച്ച പ്രവാചകൻ തന്നെ പറയുന്നതിപ്രകാരമാണ്.''ഒരു സഹോദരൻെറ പ്രശ്നത്തിന് വേണ്ടി ഇറങ്ങിത്തിരിക്കുന്നത് 10 വർഷം റമദാനിലെ അവസാനദിനങ്ങളിൽ പള്ളിയിൽ ഭജനമിരിക്കുന്നതിന് തുല്യമാണെന്ന്''. അതുകൊണ്ട് കൺമുന്നിലെ പതിതരെ മറന്നുകൊണ്ട് ആത്മീയപ്രപഞ്ചം വർണാഭമാകുന്നില്ല. ഇപ്പോൾ മഹാമാരിയുടെ തീവ്ര തരംഗത്തിലാണ് രാജ്യം. അതിജീവനത്തിൻെറ ജീവവായുവിന് പിടയുന്നവരെ മറന്നുകൊണ്ടുള്ള ആത്മീയത വ്രതത്തിൻെറ തേട്ടമല്ല.രാജ്യത്തെ വിവിധ പള്ളികളിലും മതപാഠശാലകളിലും മഹാമാരിയുടെ കാലത്ത് രോഗം ബാധിച്ചവരെ പരിചരിച്ചുകൊണ്ടിരിക്കുകയാണ് നോമ്പുകാർ. മാലാഖമാർ ആലിംഗനം ചെയ്യുന്നതലത്തിലേക്ക് വ്രത മാനസർ ഉണർന്ന് പ്രവർത്തിക്കുന്ന ഉദാരതയുടെ കാഴ്ച നമ്മോട് പറയുന്നത് കാരുണ്യത്തിൻെറ മൂർത്തിയാണ് നോമ്പുകാരെന്നാണ്.ഇടുങ്ങിയ ചിന്തകളുള്ള അടച്ചിട്ട മനസ്സിൻെറ വാതായനങ്ങൾ തുറന്ന് ആകാശംപോലെ ഭൂമിയെയും വിശാലമാക്കുന്ന ദൈവാരാധനകളാണ് വിശ്വാസികളുടെ മാർഗത്തിലുള്ളത്. പകയും വിദ്വേഷവും തീർത്ത ചരിത്രപരമായ കാരണങ്ങളാൽ രാഷ്ട്രവും രാഷ്ട്രീയവും ഇടുങ്ങിക്കൊണ്ടിരിക്കുമ്പോൾ ക്ഷമിച്ചും മറന്നും പൊറുത്തും കാലഘട്ടത്തിൻെറ ഉപ്പായി മാറുംവിധം റമദാനിൻെറ ഉപാസകർ മാറുന്നു. ദൈവം നമ്മോട് ചോദിക്കുന്നതായി പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട് -'ഞാൻ രോഗിയായി നിൻെറ മുന്നിൽ വന്നു. നീയെന്തേയെന്നെ പരിചരിച്ചില്ല? നമ്മൾ ദൈവത്തോട് മറുപടി പറയുമത്രേ! ദൈവമേ സകലർക്കും സൗഖ്യം നൽകുന്ന നീ ഞങ്ങളുടെ മുന്നിൽ രോഗിയായി വരുകയോ?ദൈവം പറയും....നിൻെറ മുന്നിൽ നിരവധി രോഗികളുണ്ടായിട്ടും നീ പരിചരിച്ചോ? അവരെ പരിചരിച്ചിരുന്നെങ്കിൽ അത് എന്നെ പരിചരിചരിച്ചതുപോലെയാണ്. ഇപ്പോൾ രോഗാതുരമായ ലോകത്തിനു മുന്നിൽ വിശ്വാസിയുടെ കരചരണവും പരിചരണവും കൊണ്ട് ദൈവത്തിൻെറ സാമീപ്യം സാക്ഷാത്കരിക്കുകയെന്നത് തന്നെയാണ് തീവ്രതരമായ വ്രതനിഷ്ഠ. റമദാനിൽ നിരന്തരം പരിശീലിക്കുന്ന സ്വഭാവഗുണങ്ങൾ സമൂഹത്തിന് അനുഭവവേദ്യമാകുംവിധം തുടർന്നള്ള നാളുകളിൽ പ്രയാഗവത്കരിക്കുമ്പോഴാണ് ദൈവപ്രീതി ലഭിക്കുന്നത്. സമൂഹത്തിൽ ഉൾച്ചേരുകയും സാമൂഹിക ജീവിതത്തിലെ അസഹ്യതകളെ ക്ഷമിക്കുകയും മറക്കുകയും ചെയ്യുന്ന വിശ്വാസിയാണ് സാമൂഹിക ജീവിതത്തിൽനിന്ന് വിട്ടുമാറി ജീവിക്കുന്ന വിശ്വാസിയെക്കാൾ അതിശ്രേഷ്ഠനെന്ന് പ്രവാചകൻ നമ്മെ പഠിപ്പിക്കുന്നു.BASHEER KALTHIL RAMADAN VELICHAM
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.