തണ്ണീര്‍ത്തട സംരക്ഷണത്തിന് പ്രാധാന്യം നല്‍കാൻ നിർദേശം

പദ്ധതികളും പ്രവര്‍ത്തനങ്ങളും ചർച്ചചെയ്​ത്​ ജില്ല ആസൂത്രണ സമിതി യോഗം കണ്ണൂർ: വരുംവര്‍ഷ പദ്ധതികളില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിന് മികച്ച പ്രാധാന്യം നല്‍കാനും കാട്ടാമ്പള്ളി പ്രദേശവുമായി ബന്ധപ്പെട്ട തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കാനും ജില്ല ആസൂത്രണ സമിതി യോഗത്തില്‍ നിർദേശം. കാട്ടാമ്പള്ളി തണ്ണീര്‍ത്തട പ്രദേശം ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളും കോര്‍പറേഷന്‍ ഡിവിഷനും പഠനം നടത്തി കൈയേറ്റം നടന്ന സ്ഥലങ്ങള്‍ കണ്ടെത്തുകയും കൃഷി സാധ്യതകള്‍ പഠിക്കുകയും വേണമെന്ന നിർദേശവുമുണ്ട്. 2021-2022 വര്‍ഷത്തില്‍ ജില്ലയില്‍ കൃഷി, കുടിവെള്ളം, തണ്ണീര്‍ത്തടം, ക്ഷീരം, മത്സ്യം, പാര്‍പ്പിടം തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ പദ്ധതികള്‍ നടപ്പാക്കാനും യോഗത്തില്‍ തീരുമാനിച്ചു. അഡ്‌ഹോക് ഡി.പി.സി യോഗത്തില്‍, ചെയര്‍പേഴ്‌സൻ കൂടിയായ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ദിവ്യയാണ് തണ്ണീര്‍ത്തട സംരക്ഷണ നിർദേശം വെച്ചത്. കുടിവെള്ള സംരക്ഷണം ലക്ഷ്യമിട്ട് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ 200 വീടുകളിലെങ്കിലും നിര്‍ബന്ധമായും കിണര്‍ റീചാര്‍ജിങ് ചെയ്യണമെന്നും യോഗം നിര്‍ദേശിച്ചു. നഗരസഭകളില്‍ ആനുപാതികമായ എണ്ണം വീടുകളില്‍ ഈ പദ്ധതി നടപ്പാക്കണം. ജില്ലയില്‍ ഒരു വര്‍ഷം കൊണ്ട് 1000 സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചായത്തില്‍ 15 സംരംഭങ്ങള്‍ തുടങ്ങാനും നിർദേശമുണ്ട്. സ്ത്രീകള്‍, പ്രവാസികള്‍, യുവാക്കള്‍ എന്നിവരുള്‍പ്പെടുന്ന സംരംഭങ്ങളാണ് ആരംഭിക്കേണ്ടത്. ഈ പദ്ധതി പ്രകാരം നഗരസഭകളില്‍ ഒരു വാര്‍ഡില്‍ ഒരു സംരംഭമെങ്കിലും തുടങ്ങണം. ടൂറിസം സാധ്യതകളെ മുന്‍നിര്‍ത്തി പഞ്ചായത്തുകളില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്മാരോട് യോഗം അഭ്യര്‍ഥിച്ചു. അറവ് മാലിന്യ സംസ്‌കരണത്തിനായി ഗ്രാമപഞ്ചായത്തുകളില്‍ വേണ്ട സംവിധാനമുണ്ടെന്ന് തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ ഉറപ്പുവരുത്തണം. തെരുവ് പട്ടികളുടെ ശല്യം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അലക്ഷ്യമായി വലിച്ചെറിയുന്ന അറവ് മാലിന്യങ്ങളാണ്. മാലിന്യങ്ങള്‍ പുഴകളില്‍ തള്ളുന്നത് ഒഴിവാക്കാന്‍ ആവശ്യമുള്ളിടത്ത് സി.സി.ടി.വികള്‍ സ്ഥാപിക്കാനുള്ള നടപടികളും സ്വീകരിക്കണം. ശുചിത്വം, സൗന്ദര്യവത്​കരണം എന്ന ആശയം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് ജില്ല കലക്ടര്‍ ടി.വി. സുഭാഷ്​ നിർദേശിച്ചു. യോഗത്തില്‍ മേയര്‍ ടി.ഒ. മോഹനന്‍, ജില്ല പ്ലാനിങ് ഓഫിസര്‍ കെ. പ്രകാശന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രന്‍ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.