ഇരിട്ടി വീണ്ടും എൽ.ഡി.എഫി‍െൻറ കൈയിൽ; കെ. ശ്രീലത ചെയർപേഴ്‌സൻ

ഇരിട്ടി വീണ്ടും എൽ.ഡി.എഫി‍ൻെറ കൈയിൽ; കെ. ശ്രീലത ചെയർപേഴ്‌സൻ ഇരിട്ടി: അട്ടിമറികൾ ഒന്നും സംഭവിച്ചില്ല. തുടർച്ചയായി രണ്ടാം തവണയും ആർക്കും കേവല ഭൂരിപക്ഷം നൽകാത ഇരിട്ടി നഗരസഭയിൽ ഇക്കുറിയും എൽ.ഡി.എഫ് തന്നെ ഭരണം ഉറപ്പിച്ചു. എൽ. ഡി.എഫിലെ കെ. ശ്രീലത ചെയർപേഴ്‌സനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി എൽ.ഡി.എഫിലെ തന്നെ പി.പി. ഉസ്മാനും തെരഞ്ഞെടുത്തു. 33 അംഗ ഭരണസമിതിയിൽ ചെയർപേഴ്‌സൻ സ്ഥാനത്തേക്ക് മത്സരിച്ച കെ. ശ്രീലതക്ക് 14 വോട്ടും എതിർ സ്ഥാനാർഥിയായ യു.ഡി.എഫിലെ പി.കെ. ബൽക്കിസിന് 11 വോട്ടും ലഭിച്ചു. എട്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. ആദ്യ ഘട്ട വോട്ടെടുപ്പിൽ കൗൺസിലിൽ ഹാജരായി വോട്ടു ചെയ്ത അംഗങ്ങളിൽ പകുതിയിൽ അധികം പേരുടെ വോട്ട് ഒരുമുന്നണികൾക്കും ലഭിക്കാഞ്ഞതോടെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലാണ് ശ്രീലത വിജയം ഉറപ്പിച്ചത്. ചെയർപേഴ്്‌സൻ സ്ഥാനത്തേക്ക് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും മത്സരരംഗത്ത് ഉണ്ടായിരുന്നു. എൽ.ഡി.എഫിൽ കെ. ശ്രീലതയുടെ പേര് കൗൺസിലർ എ.കെ. രവീന്ദ്രൻ നിർദേശിച്ചു. എം. മുരളീധരൻ പിന്താങ്ങി. യു.ഡി.എഫ് ചെയർപേഴ്‌സൻ സ്ഥാനത്തേക്ക് ലീഗിലെ പി.കെ. ബൽക്കിസി‍ൻെറ പേര് കോൺഗ്രസിലെ എൻ.കെ. ഇന്ദുമതി നിർദേശിച്ചു. കൗൺസിലർ വി.പി. അബ്​ദുൽ റഷീദ് പിന്താങ്ങി. ബി.ജെ.പി സി.കെ. അനിതയെയാണ് നിർദേശിച്ചത്. എ.കെ. ഷൈജുവാണ് അനിതയുടെ പേര് നിർദേശിച്ചത്. വാർഡ് അംഗം ടി.വി. ജയലക്ഷ്മി പിന്താങ്ങി. ബി.ജെ.പി സ്ഥാനാർഥിയെ നിർത്തുകയും മൂന്ന് അംഗങ്ങളുള്ള എസ്.ഡി.പി.ഐ നിഷ്പക്ഷത പാലിക്കുമെന്ന് നേരത്തേ പ്രഖ്യാപിക്കുകയും ചെയ്തതോടെ ശ്രീലതയുടെ വിജയം നേരത്തേതന്നെ ഉറപ്പിച്ചിരുന്നു. എസ്.ഡി.പി.ഐയിലെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നതോടെ 30 അംഗങ്ങളിൽ എൽ.ഡി.എഫിലെ 14 പേരുടെ പിന്തുണ ശ്രീലതക്ക്​ ലഭിച്ചു. യു.ഡി.എഫിന് ലഭിക്കേണ്ട 11 വോട്ടിൽ ഒരുവോട്ടും ബി.ജെ.പിക്ക് ലഭിക്കേണ്ട അഞ്ചു വോട്ടിൽ ഒരു വോട്ടും അസാധുവായി. സാധുമായ 28 വോട്ടിൽ എൽ.ഡി.എഫിന് 14ഉം യു.ഡി.എഫിന് 10ഉം ബി.ജെ.പിക്ക് നാലും വോട്ടു ലഭിച്ചു. ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥപ്രകാരം സാധുവായ വോട്ടിൽ പകുതിയിലധികം വോട്ട് ആർക്കും ലഭിക്കാഞ്ഞതിനാൽ രണ്ടാം വട്ടവും തെരഞ്ഞെടുപ്പ് നടത്തി. ആദ്യ ഘട്ടത്തിൽ കുറഞ്ഞ വോട്ടു ലഭിച്ച ബി.ജെ.പിയുടെ സി.കെ. അനിതയെ ഒഴിവാക്കി. ബി.ജെ.പി വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. എസ്.ഡി.പി.ഐയും ബി.ജെ.പിയും വിട്ടുനിന്നതോടെ 25 അംഗങ്ങളിൽ 14 പേരുടെ പിന്തുണ ശ്രീലതക്കും 11 പേരുടെ പിന്തുണ യു.ഡി.എഫിലെ ബൽക്കീസിനും ലഭിച്ചു. വികാസ് നഗർ വാർഡിൽ നിന്നാണ് ചെയർപേഴ്‌സനായ കെ. ശ്രീലത തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫിലെ.പി. പി. ഉസ്മാനും യു.ഡി.എഫിലെ വി. ശശിയും ബി.ജെ.പിയിലെ എ.കെ. ഷൈജുവുമായിരുന്നു മത്സര രംഗത്ത്. എസ്.ഡി.പി ഐയുടെ മൂന്ന് അംഗങ്ങൾ വിട്ടുനിന്നതോടെ 30 അംഗങ്ങളിൽ ഉസ്മാന് 14 വോട്ടും വി. ശശിക്ക് 11 വോട്ടും എ.കെ ഷൈജുവിന് അഞ്ചു വോട്ടും ലഭിച്ചു. ഇവിടെയും സാധുവായ വോട്ടുകളിൽ പകുതിയിലധികം വോട്ടും ആർക്കും ലഭിക്കാഞ്ഞതിനാൽ രണ്ടാം ഘട്ട വോട്ടെടുപ്പും നടത്തി. ആദ്യഘട്ടത്തിൽ കുറഞ്ഞ വോട്ടു ലഭിച്ച ബി.ജെ.പിയുടെ എ.കെ ഷൈജുവിനെ ഒഴിവാക്കി. ബി.ജെ.പിയും എസ്.ഡി.പി.ഐയും വിട്ടുനിന്നതോടെ 25 അംഗങ്ങളിൽ എൽ.ഡി.എഫിലെ പി.പി. ഉസ്മാന് 14 വോട്ടും യു.ഡി.എഫിലെ വി. ശശിക്ക് 10 വോട്ടും ലഭിച്ചു. ഒരു യു.ഡി.എഫ് അംഗത്തി​ൻെറ വോട്ട് അസാധുവായി. ചെയർപേഴ്‌സനായി തിരഞ്ഞെടുക്കപ്പെട്ട കെ. ശ്രീലതക്ക്​ വരണാധികാരി ജില്ല എംപ്ലോയ്​മൻെറ്​ ഓഫിസർ എം. ശിവദാസൻ സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ്.ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പി.പി. ഉസ്മാന് ചെയർപേഴ്‌സൻ കെ. ശ്രീലത സത്യവാചകം ചൊല്ലിക്കൊടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.