പയ്യന്നൂർ: പുത്തരിയിൽ കല്ലുകടിച്ച് യു.ഡി.എഫും എൽ.ഡി.എഫും

പയ്യന്നൂർ: നഗരസഭയിലെ ചെയർപേഴ്​സൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽ പുത്തരിയിൽ കല്ലുകടിച്ച് ഇരു മുന്നണികളും. ചെയർപേഴ്​സൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒരു വോട്ടു കുറഞ്ഞപ്പോൾ ഒരു വോട്ട് എതിർ സ്ഥാനാർഥിക്ക് അധികം നൽകിയാണ് ഇടതുപക്ഷം വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വെട്ടിലായത്. 44 അംഗങ്ങളാണ് നഗരസഭയിലുള്ളത്. ഇതിൽ എൽ.ഡി.എഫിന് 35 ഉം യു.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്. ഒരിടത്ത് ജയിച്ചത് സ്വതന്ത്ര സ്ഥാനാർഥിയാണ്. തായിനേരിയിൽ വാർഡ് 33ൽ നിന്ന് മുസ്​ലിം ലീഗ് വിമതനായി മത്സരിച്ച് ജയിച്ച എം. ബഷീർ രണ്ട് തെരഞ്ഞെടുപ്പിലും ബാലറ്റ് പേപ്പർ സ്വീകരിക്കാതെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കണക്കുപ്രകാരം എൽ.ഡി.എഫിന് 35 ഉം യു.ഡി.എഫിന് എട്ടും വോട്ടുകളാണ് ലഭിക്കേണ്ടത്. ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.വി. ലളിതക്ക് 35 വോട്ടുകൾ തന്നെ ലഭിച്ചു. എന്നാൽ, വാർഡ് 31നെ പ്രതിനിധാനംചെയ്യുന്ന യു.ഡി.എഫ് കൗൺസിലർ ഹസീന കാട്ടൂർ യോഗത്തിലെത്താൻ വൈകിയതിനാൽ ബാലറ്റ് പേപ്പർ സ്വീകരിക്കാനായില്ല. ഇതോടെ യു.ഡി.എഫ് സ്ഥാനാർഥി അത്തായി പത്മിനിക്ക് ഒരു വോട്ടു കുറഞ്ഞു. വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ പിഴച്ചത് എൽ.ഡി.എഫിനായിരുന്നു. 35 വോട്ടു ലഭിക്കേണ്ട എൽ.ഡി.എഫിലെ പി.വി.കുഞ്ഞപ്പന് ലഭിച്ചത് 34 വോട്ട്. എട്ട് വോട്ട് ലഭിക്കേണ്ട കോൺഗ്രസിലെ കെ.കെ. ഫൽഗുനന് ഒമ്പത്​ വോട്ടുകൾ ലഭിക്കുകയും ചെയ്തു. ഒരു എൽ.ഡി.എഫ് കൗൺസിലർ അറിയാതെ എതിർ സ്ഥാനാർഥിക്ക് വോട്ടുചെയ്തു പോയതായിരിക്കാം കാരണമെങ്കിലും മുന്നണിക്കിത് പുത്തരിയിലെ കല്ലുകടിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.