പയ്യാവൂരിൽ സാജു സേവ്യർ പ്രസിഡൻറാകും; ചെങ്ങളായിയിൽ വി.പി. മോഹനൻ

ശ്രീകണ്ഠപുരം: 22 വർഷത്തിനുശേഷം ഇടതുപക്ഷം ഭരണം പിടിച്ചെടുത്ത പയ്യാവൂർ പഞ്ചായത്തിൽ സി.പി.എമ്മിലെ സാജു സേവ്യർ പ്രസിഡൻറാകും.1998ൽ പയ്യാവൂർ സമരകാലത്ത് കോൺഗ്രസ് എ ഗ്രൂപ്പി​ൻെറ പിന്തുണയോടെ സി.പി.എമ്മിലെ ടി.എം. ജോഷി പ്രസിഡൻറായതിനു ശേഷം ആദ്യമായാണ് പയ്യാവൂരിൽ എൽ.ഡി.എഫ് ഭരിക്കുന്നത്. പയ്യാവൂർ പഞ്ചായത്തി​ൻെറ ആദ്യ പ്രസിഡൻറും കോൺഗ്രസ് നേതാവുമായ ടി.എം. സേവ്യറി​ൻെറ മകനാണ് സാജു സേവ്യർ. 2000, 2005 വർഷങ്ങളിൽ പയ്യാവൂർ പഞ്ചായത്ത്​ അംഗമായിരുന്നു. 2000ത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായാണ് സാജു വിജയിച്ചത്. 2004ൽ കോൺഗ്രസ് വിട്ട സാജു ഡി.ഐ.സിയിൽ ചേർന്നു. 2005ൽ ഡി.ഐ.സി പ്രതിനിധിയായും പഞ്ചായത്ത് ​അംഗമായി. പിന്നീട് സി.പി.എമ്മിൽ ചേർന്ന ഇദ്ദേഹം ഇത്തവണ വഞ്ചിയം വാർഡിൽനിന്നാണ് വിജയിച്ചത്. സി.പി.എം ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗമാണ്. പൊന്നുംപറമ്പ് വാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ പ്രീത സുരേഷ് വൈസ് പ്രസിഡൻറാകാനാണ് സാധ്യത. ചെങ്ങളായി പഞ്ചായത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം വി.പി. മോഹനൻ പ്രസിഡൻറാകും. നിടുവാലൂർ വാർഡിൽനിന്നാണ് ഇദ്ദേഹം വിജയിച്ചത്. മുണ്ടത്തടം വാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ കെ.എം. ശോഭന വൈസ് പ്രസിഡൻറാകാനാണ് സാധ്യത. മലപ്പട്ടം പഞ്ചായത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം കെ.പി. രമണി പ്രസിഡൻറാകും. മലപ്പട്ടം ഈസ്​റ്റ്​ വാർഡിൽനിന്ന് എതിരില്ലാതെയാണ് രമണി വിജയിച്ചത്. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറായിരുന്നു. അടുവാപ്പുറം സൗത്ത് വാർഡിൽനിന്ന് വിജയിച്ച ഇ. ചന്ദ്രൻ വൈസ് പ്രസിഡൻറാകും. ഏരുവേശ്ശി പഞ്ചായത്തിൽ ആരു പ്രസിഡൻറാകുമെന്ന് തീരുമാനിച്ചിട്ടില്ല. ഷൈല ജോയിയെ പ്രസിഡൻറാക്കാനാണ് സാധ്യത. യു.ഡി.എഫ് യോഗം ചേർന്നതിനു ശേഷമേ പ്രസിഡൻറിനെ പ്രഖ്യാപിക്കുകയുള്ളൂവെന്ന് നേതാക്കൾ പറഞ്ഞു. ശ്രീകണ്ഠപുരം നഗരസഭയിൽ കെ.പി.സി.സി സെക്രട്ടറിയും മഹിള കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറിയുമായ ഡോ. കെ.വി. ഫിലോമിന ചെയർപേഴ്സനാകാനാണ് സാധ്യത. പന്ന്യാൽ വാർഡിൽനിന്നാണ് ഫിലോമിന വിജയിച്ചത്. വൈസ്. ചെയർപേഴ്സൺ സ്ഥാനത്തേക്ക് പ്രഥമ നഗരസഭ വൈസ് ചെയർപേഴ്സനായിരുന്ന മുസ്​ലിം ലീഗിലെ നിഷിത റഹ്മാനാണ് സാധ്യത. രണ്ട് സ്​റ്റാൻഡിങ്​ കമ്മിറ്റി പദവി ഏറ്റെടുത്ത് വൈസ് ചെയർമാൻ സ്ഥാനം കോൺഗ്രസിന് നൽകാൻ ലീഗ് തയാറായാൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് പി.പി. ചന്ദ്രാംഗദൻ വൈസ് ചെയർമാനാകും. ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.