വോട്ടെടുപ്പ്​ ബഹിഷ്‌കരിച്ചും ചപ്പാത്തുനിര്‍മിച്ചും പ്രതിഷേധം

കാര്യങ്കോട് പുഴക്ക്​ കുറുകെ പാലം അനുവദിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതിൽ വിയോജിച്ച്​ കോഴിച്ചാല്‍ ഐ.എച്ച്​.ഡി.പി കോളനിവാസികളാണ്​ തെരഞ്ഞെടുപ്പ്​ ബഹിഷ്‌കരിച്ചത്​ ചെറുപുഴ: കാര്യങ്കോട് പുഴകടന്നു വീടുകളിലെത്താന്‍ പാലം അനുവദിക്കണമെന്ന വര്‍ഷങ്ങളായുള്ള ആവശ്യം പരിഗണിക്കാത്ത രാഷ്​ട്രീയക്കാരോടുള്ള വിയോജിപ്പു പ്രകടിപ്പിച്ച്​ കോഴിച്ചാല്‍ റവന്യൂവില്‍ ഉൾപ്പെട്ട ഐ.എച്ച്​.ഡി.പി കോളനിയിലെ 190 ഓളം വോട്ടര്‍മാര്‍ തെരഞ്ഞെടുപ്പു ബഹിഷ്‌കരിച്ചു. വോട്ടെടുപ്പു ദിവസം രാവിലെ മുതല്‍ തങ്ങളുടെ പ്രദേശത്തേക്കുള്ള റോഡ് ശ്രമദാനത്തിലൂടെ നന്നാക്കിയും പുഴയിലൂടെ വാഹനം പോകാന്‍ ചപ്പാത്തു നിര്‍മിച്ചുമാണ് ഇവര്‍ ബഹിഷ്‌കരണം നടപ്പാക്കിയത്. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍പെട്ട പ്രദേശത്തെ വോട്ടര്‍മാരാണിവര്‍. ഇരുമുന്നണികളും ശക്തമായ മത്സരം പ്രതീക്ഷിക്കുന്ന വാര്‍ഡില്‍ ഓരോ വോട്ടും നിര്‍ണായകമായിരിക്കെയാണ് ഇത്രയധികം വോട്ടുകള്‍ ബഹിഷ്‌കരിക്കപ്പെട്ടത്. കാര്യങ്കോട് പുഴയുടെ മറുകരയില്‍ കര്‍ണാടക വനത്തോടുചേര്‍ന്ന റവന്യൂവിലേക്ക് സുരക്ഷിതമായ പാലം വേണമെന്നു പ്രദേശവാസികള്‍ വര്‍ഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതര്‍ വിഷയം ഗൗരവമായി എടുക്കുന്നില്ലെന്നാണ് ആക്ഷേപം. പുഴകടക്കാന്‍ ഇവര്‍ ആശ്രയിക്കുന്ന ഇരുമ്പുപാലവും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചുതുടങ്ങി. വേനല്‍കാലത്തുമാത്രം പുഴ മുറിച്ചുകടന്നു വാഹനങ്ങള്‍ കോളനിയിലേക്കെത്തും. മഴക്കാലമാകുന്നതോടെ ഈ സൗകര്യം നിലക്കുന്നതിനാല്‍ രോഗികളെയും മറ്റും കസേരയിലിരുത്തി ചുമന്നാണ് ആശുപത്രിയിലേക്കും മറ്റും എത്തിക്കുന്നത്. വോട്ടെടുപ്പു ബഹിഷ്‌കരിക്കുമെന്നു നേരത്തെതന്നെ ഇവര്‍ അറിയിച്ചിരുന്നെങ്കിലും രാഷ്​ട്രീയ പാര്‍ട്ടികളൊന്നും ഇതു ഗൗരവമായെടുത്തിരുന്നില്ല. പക്ഷേ, ഈ തദ്ദേശ തെരഞ്ഞെടുപ്പുവേളയിലെങ്കിലും ഇത്തരത്തില്‍ പ്രതിഷേധിച്ചില്ലെങ്കില്‍ അധികൃതര്‍ ഇനിയും തങ്ങളെ അവഗണിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഐ.എച്ച്​.ഡി.പി കോളനിയില്‍ 62 കുടുംബങ്ങളാണുള്ളത്​. ബഹിഷ്‌കരണ തീരുമാനം നടപ്പാക്കുന്നതിന് വോട്ടെടുപ്പു ദിവസം എല്ലാവരും ഒത്തുചേര്‍ന്നു ശ്രമദാനത്തിനിറങ്ങുകയായിരുന്നു. പുരുഷ വോട്ടര്‍മാര്‍ കാര്യങ്കോടുപുഴയില്‍ താൽക്കാലിക മണ്‍പാത നിര്‍മിച്ചും റോഡി​ൻെറ പാര്‍ശ്വങ്ങളിലെ കാടുവെട്ടിത്തെളിച്ചും കുഴികള്‍ നികത്തിയും ശ്രമദാനം നടത്തി. സ്ത്രീകളും കുട്ടികളും ഭക്ഷണവും മറ്റു സൗകര്യവുമൊരുക്കി അവരുടെ സഹായത്തിനെത്തി. വോട്ടവകാശമുള്ളവരെല്ലാം പോളിങ്​ സ്​റ്റേഷനിലേക്കു പോയപ്പോള്‍, വോട്ടവകാശം വിനിയോഗിക്കാതെ ബഹിഷ്‌കരണ നടപടി ഇവര്‍ ആഘോഷമാക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.