വിമത സ്​ഥാനാർഥി 'ഒൗട്ട്​'

തളിപ്പറമ്പ്: തളിപ്പറമ്പിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയെ പാർട്ടിയിൽ നിന്ന്​ പുറത്താക്കി. നേതാജി വാർഡിലെ വിമത സ്ഥാനാർഥി ടി.ടി. മാധവനെയാണ് പുറത്താക്കിയത്. അതേ സമയം, വിമത നീക്കത്തിൽ നിന്നും പിന്മാറിയവരെയടക്കം ഉൾപ്പെടുത്തി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഡി.സി.സി പ്രസിഡൻറ്​ നിയമിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നഗരസഭയിലെ നാല് വാർഡുകളിൽ തുടക്കത്തിൽ കോൺഗ്രസിന് വിമതഭീഷണി ഉണ്ടായിരുന്നു. ഇവരിൽ കാക്കാഞ്ചാൽ വാർഡിൽ വിമതനായി നിന്നിരുന്ന കെ.എൻ. അഷ്റഫ് പിന്നീട് പത്രിക പിൻവലിച്ചു. പകരമായി അഷ്റഫിനെ കഴിഞ്ഞ ദിവസം കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയായി നിയമിച്ചു. സി.സി. ശ്രീധരൻ, പി.ടി. ജോൺ എന്നിവർ ഉപാധ്യക്ഷന്മാരായ കമ്മിറ്റിയിൽ കായക്കൂൽ മമ്മുവാണ് ട്രഷറർ. ആകെ 14 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചു. അതിന് പിന്നാലെയാണ് നേതാജി വാർഡിൽ വിമത സ്ഥാനാർഥിയായി മത്സരരംഗത്ത് തുടർന്ന മാധവനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. കോൺഗ്രസിൽ ഭാരവാഹിയല്ലെങ്കിലും നഗരസഭ മുൻ സെക്രട്ടറിയായിരുന്നു പാർട്ടി മെംബറായ മാധവൻ. കോൺഗ്രസി​ൻെറ സിറ്റിങ്​ സീറ്റായ നേതാജിയിൽ സി.പി. മനോജാണ് യു.ഡി.എഫി​ൻെറ ഔദ്യോഗിക സ്ഥാനാർഥി. അതേ സമയം, കുറേക്കാലം മുമ്പ് കോൺഗ്രസ് പുറത്താക്കിയ പൊട്ട്യാമ്പി രാഘവനും അഡ്വ. വിനോദ് രാഘവനും വിമത ശബ്​ദമുയർത്തി മത്സരരംഗത്തുണ്ട്. കല്ലിങ്കീൽ പത്മനാഭൻ സ്ഥാനാർഥിയായ പാളയാട് വാർഡിലാണ് യുവ അഭിഭാഷകനും മുൻ മണ്ഡലം സെക്രട്ടറിയുമായ വിനോദ് രാഘവൻ മത്സരിക്കുന്നത്. മുൻ കൗൺസിലർ കെ. രമേശൻ മത്സരിക്കുന്ന പൂക്കോത്ത് തെരു വാർഡിലാണ് പൊട്ട്യാമ്പി രാഘവൻ വിമതസ്ഥാനാർഥിയായുള്ളത്. ഇതിൽ പാളയാട് വാർഡിൽ മാത്രമാണ് വിമത സാന്നിധ്യം കോൺഗ്രസിന് ഭീഷണിയാവുകയെന്ന വിലയിരുത്തലിലാണ് നിരീക്ഷകർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.