പുതുച്ചേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വേണമെന്ന്​ രാഷ്‌ട്രീയപാർട്ടികൾ

മാഹി: മാഹിയുൾപ്പടെയുള്ള പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി സർവകക്ഷി യോഗം ചേർന്നു. സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷണർ റോയി പി. തോമസ്‌ ആണ്‌ യോഗം വിളിച്ചത്‌. പുതുച്ചേരിയിൽ നടന്ന യോഗത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ്‌ നടത്തണമെന്ന ആവശ്യത്തോട്‌ രാഷ്‌ട്രീയപാർട്ടികൾ യോജിച്ചു. എപ്പോൾ നടത്തണമെന്ന കാര്യത്തിൽ യോജിപ്പിലെത്തിയില്ല. വാർഡ്‌ വിഭജനം പൂർത്തിയാക്കി വോട്ടർപട്ടിക തയാറാക്കാൻ ഇനിയും സമയം വേണ്ടിവരുമെന്നും 2006ലേത്‌ പോലെ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം തദ്ദേശ തെരഞ്ഞെടുപ്പ്‌ നടത്തുന്നതാണ്‌ ഉചിതമെന്നും അഭിപ്രായമുയർന്നു. മാഹി മുനിസിപ്പാലിറ്റിയുൾപ്പടെ പുതുച്ചേരി സംസ്ഥാനത്തെ അഞ്ച് മുനിസിപ്പാലിറ്റികളിലേക്കും 10 കമ്യൂൺ പഞ്ചായത്തുകളിലേക്കും 98 വില്ലേജ് പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് നടക്കേണ്ടത്. ഒട്ടുമിക്ക പഞ്ചായത്തുകളിലെയും നഗരസഭകളിലേയും വോട്ടർ പട്ടിക ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മാഹിയിലെ അഭിഭാഷകൻ ടി. അശോക് കുമാർ കോടതിയലക്ഷ്യ ഹരജി നൽകിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പി​ൻെറ പ്രാരംഭ നടപടിയുമായി തെരഞ്ഞെടുപ്പ് കമീഷൻ മുന്നോട്ടു പോയത്. മാഹി മുനിസിപ്പാലിറ്റിയുടെ വോട്ടർപട്ടിക തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. നേരത്തെ 15 വാർഡുകളുണ്ടായിരുന്ന മാഹിയിൽ ഇപ്പോൾ 10 വാർഡുകളാക്കി ചുരുക്കി പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വാർഡുകളുടെ അതിർത്തി വോട്ടർമാർക്ക് വ്യക്തമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.