രാമന്തളിയില്‍ എല്ലാ വീട്ടിലും കുടിവെള്ളം

പയ്യന്നൂര്‍: വേനല്‍ക്കാലത്ത് നീരുറവകളില്‍നിന്നിറ്റിറ്റു വീഴുന്ന വെള്ളം ശേഖരിക്കാനായി രാത്രിയില്‍ ഉറക്കമിളച്ച് കാത്തിരിക്കേണ്ട അവസ്ഥ രാമന്തളിയില്‍ പഴങ്കഥയാകുന്നു. മാലിന്യം കലര്‍ന്ന വെള്ളം കുടിക്കേണ്ടി വന്ന അവസ്ഥയും ഇല്ലാതാകുന്നു. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടിരുന്ന രാമന്തളി പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിച്ചുകൊണ്ടാണ് ഇതിനു പരിഹാരം കാണുന്നത്. കുടിവെള്ളക്ഷാമത്തി​ൻെറ രൂക്ഷത ഏറ്റവും കൂടുതൽ അനുഭവിച്ചിരുന്ന പ്രദേശമാണ് ഏഴിമല. ഏഴിമല നിവാസികള്‍ വേനല്‍ക്കാലമായാല്‍ കൂടിവെള്ളത്തിനായി ഉറവകളെയാണ് ആശ്രയിച്ചിരുന്നത്. രാത്രികളില്‍ മണ്ണെണ്ണ വിളക്കുകളുമായി ഉറക്കമിളച്ചിരുന്ന്് പാത്രങ്ങളിലേക്ക് ഉറവകളില്‍നിന്ന്​ ഇറ്റിറ്റുവീഴുന്ന വെള്ളത്തുള്ളികള്‍ ശേഖരിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. നേവല്‍ അക്കാദമി പ്രദേശത്തുനിന്ന് സമീപത്തെ കിണറുകളില്‍ മാലിന്യം കലരുന്ന പ്രശ്‌നം നൂറുദിവസത്തോളം നീണ്ട സമരങ്ങള്‍ക്കാണ് വഴിവെച്ചത്. മാലിന്യ പ്രശ്‌നമുള്ള പ്രദേശത്തെ വീടുകളിലേക്ക് 40 ലക്ഷം രൂപ ചെലവഴിച്ച് കുടിവെള്ള പദ്ധതി നടപ്പാക്കിയാണ് ഇതിന് പരിഹാരമുണ്ടാക്കിയത്. ഇതി​ൻെറ ഭാഗമായി 5700 മീറ്റര്‍ നീളത്തില്‍ പുതിയ പൈപ്പ് സ്ഥാപിച്ച്് 12 പൊതു ടാപ്പുകള്‍ സജ്ജീകരിക്കുകയായിരുന്നു. പഞ്ചായത്തിലെ പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിന് കിഫ്ബി ഫണ്ടില്‍നിന്നും 6.26 കോടി രൂപ അനുവദിച്ചതിനെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജപ്പാന്‍ പദ്ധതിയുമായി രാമന്തളിയിലെ ജലവിതരണ സംവിധാനത്തെ ബന്ധിപ്പിക്കുന്ന പ്രവൃത്തിയും കാക്കടവിലെ ചെക്ക്ഡാമി​ൻെറ പ്രവൃത്തിയും പൂര്‍ത്തീകരിച്ചു വരുകയാണ്. നിലവില്‍ 5328 വീടുകളുള്ള പഞ്ചായത്തില്‍ 1302 വീടുകളിലാണ് വാട്ടര്‍ കണക്​ഷനുകളുള്ളത്. ബാക്കിയുള്ള 4026 വീടുകളില്‍കൂടി കുടിവെള്ളമെത്തിക്കുന്നതിന്​ 10.91 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം ആറിന് രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡൻറ്​ എം.വി. ഗോവിന്ദ​ൻെറ അധ്യക്ഷതയില്‍ സി. കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തുന്നതോടെ കുടിവെള്ളത്തിനായുള്ള രാമന്തളി പഞ്ചായത്ത് നിവാസികളുടെ ദുരിതം അവസാനിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.