അവസാന നാളിൽ സ്​ഥലം കൈമാറ്റ വിവാദത്തിൽ കോർപറേഷൻ

ടി.കെ സ്​റ്റോപ്​ പരിസരത്തെ ശ്മശാന ഭൂമി​ സ്വകാര്യ ട്രസ്​റ്റിന്​ നൽകാൻ അജണ്ടയുമായി ഭരണസമിതി കണ്ണൂർ: നഗര ഹൃദയത്തിലെ കണ്ണായ സ്​ഥലം സ്വകാര്യ ട്രസ്​റ്റിന്​ കൈമാറാനുള്ള കോർപറേഷൻ ഭരണസമിതിയുടെ നീക്കം വിവാദത്തിൽ. ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ ചൊവ്വാഴ്​ച നടന്ന കൗൺസിൽ യോഗത്തി​ലാണ്​ അജണ്ട കൊണ്ടുവന്നത്​. കോടിക്കണക്കിനു രൂപ വിലവരുന്ന ടി.കെ സ്​റ്റോപ്​ പരിസരത്തെ ഒതയോത്ത് തീയ സമുദായ ശ്മശാന ഭൂമിയാണ്​ സ്വകാര്യ ട്ര​സ്​റ്റിന്​ നൽകാൻ അജണ്ട കൊണ്ടുവന്നത്​. ഇത്​ യോഗത്തിൽ ശക്​തമായ ബഹളത്തിന്​ ഇടയാക്കി. എൽ.ഡി.എഫ്​ കൗൺസിലർമാർക്ക്​ പുറമെ കോർപറേഷൻ സെക്രട്ടറിയും എതിർപ്പുമായി രംഗത്തെത്തിയത്​ യു.ഡി.എഫിന്​ തിരിച്ചടിയായി. പ്രതിഷേധങ്ങൾക്കിടയിലും, നിയമപരമായ വിദഗ്​ധാഭിപ്രായം തേടിയ ശേഷം ഭൂമി കൈമാറാമെന്ന​ ​ തീരുമാനമാണ്​ യോഗത്തിലുണ്ടായത്​. തീയ സമുദായത്തി​ൻെറ ശവസംസ്കാരം നടത്തുന്നതിന് മുനിസിപ്പാലിറ്റിക്ക് വിട്ടുനൽകിയതാണ് നഗരത്തിലെ കണ്ണായ സ്ഥലത്തെ 2.95 ഏക്കർ വരുന്ന ഭൂമി. ഇത്​ കോർപറേഷ​ൻെറ കൈവശമാണ്. കൗൺസിലി​ൻെറ കാലാവധി നവംബർ 12ന് അവസാനിക്കാനിരിക്കെയാണ്​ ഭൂമി സ്വകാര്യ ട്രസ്​റ്റിന്​ നൽകാനുള്ള അജണ്ടയുമായി ഭരണസമിതി വന്നത്​. ഇൗ സ്​ഥലം തട്ടിയെടുക്കാനുള്ള ശ്രമം ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്​. ഇതേത്തുടർന്ന്​ 2005ൽ നഗരസഭ കൗൺസിൽ യോഗം ഭൂമി ആർക്കും വിട്ടു നൽകേണ്ടതി​ല്ലെന്ന്​​ തീരുമാനിച്ചിരുന്നു. ഇൗ തീരുമാനം നടപ്പാക്കണമെന്നാണ്​ എൽ.ഡി.എഫ്​ കൗൺസിലർമാരുടെ ആവശ്യം. ആരുമായും ചർച്ച ചെയ്യാതെ സ്വകാര്യ ട്രസ്​റ്റിന് ഭൂമി വിട്ടുകൊടുക്കാൻ അജണ്ട കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന്​ ഇവർ ആരോപിച്ചു. 2005ൽ മുനിസിപ്പാലിറ്റി തള്ളിക്കളഞ്ഞ ഭൂമി കൈമാറ്റമാണ്​ അഴിമതിയും സങ്കുചിത താൽപര്യവും മുൻനിർത്തി സ്വകാര്യ ട്രസ്​റ്റിന് വീണ്ടും വിട്ടുകൊടുക്കാൻ ശ്രമിക്കുന്നത്. സർക്കാറിൽ നിക്ഷിപ്തമായ ഭൂമി വിട്ടുകൊടുക്കുമ്പോൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്നും എൽ.ഡി.എഫ്​ കൗൺസിലർമാരും സെക്രട്ടറിയും ആവശ്യപ്പെട്ടിട്ടും അവ മുഖവിലക്കെടുക്കാതെ ​ അജണ്ട പാസാക്കിയെടുക്കാൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്​ രംഗത്തുവന്നതോടെയാണ്​ കൗൺസിൽ യോഗം ബഹളത്തിൽ മുങ്ങിയത്​. കോർപറേഷ​ൻെറ ആസ്​തിയിൽ ഉൾപ്പെട്ട ഭൂമി കൈമാറണമെങ്കിൽ സർക്കാറി​ൻെറ അനുമതി വേണമെന്നും അനുമതിയില്ലാതെ ഭൂമി കൈമാറാൻ കോർപറേഷന്​ അധികാരമി​ല്ലെന്നും സെക്രട്ടറി വിശദീകരിച്ചു. നേരത്തെ തന്നെ നിയമാഭിപ്രായം വാങ്ങാതെ അജണ്ട കൊണ്ടുവന്നതിൽ യു.ഡി.എഫ്​ അംഗങ്ങളിലും അതൃപ്​തിയുണ്ട്​. അമൃത്​ പദ്ധതികൾക്ക് എസ്​റ്റിമേറ്റിൽ കൂടുതൽ ഫണ്ട്​ അനുവദിക്കുന്ന അജണ്ടകളിൽ വിശദാംശം രേഖപ്പെടുത്തിയിരുന്നില്ലെന്നും ഇത് അഴിമതിക്ക് വേണ്ടിയാണെന്നും സി.പി.എം പാർട്ടി ലീഡർ എൻ. ബാലകൃഷ്ണൻ മാസ്​റ്റർ, ടി. രവീന്ദ്രൻ എന്നിവർ പറഞ്ഞു. ചർച്ചയിൽ എം.വി. സഹദേവൻ, കെ.പി. സജിത്, തൈക്കണ്ടി മുരളീധരൻ, അഡ്വ. ടി.ഒ. മോഹനൻ, സി. സമീർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.