യാത്രക്കാർക്കിന്നും ആശ്രയം ദ്രവിച്ച തൂക്കുപാലം: പണിതിട്ടും പണിതീരാതെ വളയഞ്ചാൽ പാലം

പാലത്തിനും അപ്രോച്ച് റോഡിനുമുള്ള സ്ഥലമേറ്റെടുപ്പ് ഇതുവരെ പൂർത്തിയായില്ല കേളകം: ആറളം വന്യജീവി സങ്കേതം, ആറളം ഫാം ആദിവാസി പുനരധിവാസ മേഖല എന്നിവിടങ്ങളെ കണിച്ചാർ, കേളകം പഞ്ചായത്തുകളുമായി ബന്ധിപ്പിക്കുന്ന വളയഞ്ചാൽ കോൺക്രീറ്റ് പാലത്തി​ൻെറ പ്രവൃത്തി പാതിവഴിയിൽ നിലച്ചു. ചീങ്കണ്ണിപ്പുഴയിൽ ഒരു തൂൺ ഉയർന്നുനിൽക്കുന്നതും വന്യജീവി സങ്കേതം പ്രവേശന കവാടത്തിനു സമീപമായി തുടങ്ങിയ പ്രവൃത്തികളുമാണ് പാലത്തിനായി ഇതുവരെ നടത്തിയത്. എല്ലാ മഴക്കാലങ്ങളിലും തകർന്ന് പുതുക്കിപ്പണിയുന്നതും നിലവിൽ ബലക്ഷയമുള്ളതുമായ തൂക്കുപാലമാണ് ആറളം ഫാമിൽ താമസിക്കുന്ന ആദിവാസികൾ ഉപയോഗിക്കുന്നത്. ആറളം സമഗ്ര വികസന പദ്ധതിയിൽപ്പെടുത്തിയാണ്​ 10 കോടിയോളം രൂപ ചെലവിൽ വളയഞ്ചാൽ, ഓടംതോട് എന്നിവിടങ്ങളിൽ കോൺക്രീറ്റ് പാലങ്ങളുടെ പണി നടത്തുന്നത്. ഇതിൽ ഓടുതോട്‌ പാലം കണിച്ചാർ പഞ്ചായത്തതിർത്തിയിലും വളയഞ്ചാൽ പാലം കേളകം പഞ്ചായത്തതിർത്തിയിലുമാണ് നിർമിക്കുന്നത്. വളയഞ്ചാൽ പാലത്തിനു മാത്രമായി നാലരക്കോടി രൂപയാണുള്ളത്. കിറ്റ്കോയുടെ നേതൃത്വത്തിൽ 2019 ജനുവരിയിലാണ് പ്രവൃത്തി തുടങ്ങിയത്. കോവിഡ് പ്രതിസന്ധിയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കുറവും നിർമാണ വസ്തുക്കളുടെ ലഭ്യതക്കുറവും എല്ലാ പ്രവൃത്തികളെയും ബാധിക്കുന്നുണ്ട്. എന്നാൽ, വളയഞ്ചാൽ കോൺക്രീറ്റ് പാലത്തി​ൻെറ പ്രശ്നം നിർമാണം തുടങ്ങിയിട്ടും പാലത്തിനായും അപ്രോച്ച് റോഡിനായുമുള്ള സ്ഥലമേറ്റെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല എന്നതാണ്. കണിച്ചാർ ഭാഗത്താണ് സ്ഥലം ഏറ്റെടുക്കാനുള്ളത്. ഒറ്റയാളിൽ നിന്നുമാത്രമാണ് പദ്ധതിക്കായി സ്ഥലമേറ്റെടുക്കാനുള്ളത് എന്നിരിക്കിലും ഇത് മാസങ്ങളായി നീളുകയാണ്. സമീപത്തെ കടയുടമയുടെ 20 സൻെറ്​ സ്ഥലമാണ് ഏറ്റെടുക്കാനുള്ളത്. പാലം പ്രവൃത്തി തുടങ്ങുന്നതിനു മുമ്പ് നിശ്ചയിച്ച വിലയിൽ സ്ഥലം നൽകാമെന്നു സമ്മതിച്ച ഉടമ പിന്നീട് വില കൂട്ടി ചോദിച്ചതോടെ പ്രതിസന്ധിയിലാവുകയായിരുന്നെന്ന് അധികൃതർ പറയുന്നു. സ്ഥലമുടമയുമായി പലതവണ ചർച്ച നടത്തിയെങ്കിലും മാർക്കറ്റ് വിലയേക്കാൾ അധികമായി ചോദിക്കുകയാണ്. ന്യായവിലയ്ക്ക് ഉടമ സ്ഥലം വിട്ടു നൽകാത്തതിനാൽ അക്വയർ ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. പദ്ധതിരേഖ തയാറാക്കുന്നതിനു മുമ്പ് സ്ഥലവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നില്ല. പിന്നീട് ഉടമ എതിർത്തത് പണിയെയും ബാധിച്ചു. പാലത്തി​ൻെറ അടുത്ത സ്പാൻ നിർമാണം ഏറ്റെടുക്കുന്ന സ്ഥലത്താണ് നിർമിക്കണ്ടത്. രണ്ടു മാസത്തിനുള്ളിൽ ഇതു തുടങ്ങാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും കിറ്റ്കോ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.