ദേശീയപാത വികസനം; നഷ്​ടപരിഹാരം ലഭിക്കാതെ ഭൂവുടമകൾ

തുക വിതരണം ചെയ്യുന്നതിൽനിന്ന് ഏമ്പേറ്റ് മുതൽ ചുടല വരെയുള്ള ഭൂവുടമകളെ മാറ്റിനിർത്തിയതായി പരാതി തളിപ്പറമ്പ്: ദേശീയപാത വികസനത്തിന് സ്ഥലം വിട്ടുകൊടുത്തവർക്കുള്ള നഷ്​ടപരിഹാരം പരിയാരത്തെ നൂറിലേറെ കുടുംബങ്ങൾക്ക് ലഭിച്ചില്ല. പാതയുടെ വികസനം വരുന്ന പ്രദേശങ്ങളിലെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വരെയുള്ളവർക്ക്‌ നഷ്​ടപരിഹാരം നൽകിയപ്പോഴാണ് മറ്റുള്ളവരെ അവഗണിച്ചത്. തുക വിതരണം ചെയ്യുന്നതിൽനിന്ന് പരിയാരം ഗ്രാമപഞ്ചായത്തിലെ ഏമ്പേറ്റ് മുതൽ ചുടല വരെയുള്ളവരെ മാറ്റിനിർത്തിയെന്നാണ് പരാതി. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കൽ നടപടികൾ ആരംഭിച്ചപ്പോൾ കാര്യമായ തടസ്സവാദങ്ങളുമായെത്താത്തവരാണ് പരിയാരം മേഖലയിലുള്ളത്. നഷ്​ടപരിഹാരത്തിനായി തളിപ്പറമ്പിലെ ദേശീയപാത സ്പെഷൽ ഡെപ്യൂട്ടി കലക്ടർ (എൽ.എ) ഓഫിസിൽ അന്വേഷിച്ചവരോട് ഫണ്ട് എത്തിയില്ലെന്നാണത്രെ മറുപടി. അതേസമയം, ഇതേ ഓഫിസിന് കീഴിലുള്ള ആന്തൂർ നഗരസഭ പ്രദേശത്തുൾപ്പെടെ മറ്റുഭാഗങ്ങളിൽ പണം നൽകിയെന്നും പരിയാരത്തെ സ്ഥലമുടമകൾ പറയുന്നു. നേരത്തെ സ്ഥലം നൽകിയവരിൽ ചിലർ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ദേശീയപാതക്ക്​ സ്ഥലം വിട്ടുകൊടുക്കലുമായി ബന്ധപ്പെട്ട് യഥാർഥ ഭൂരേഖയുൾപ്പെടെ, ആവശ്യപ്പെട്ട രേഖക​െളല്ലാം ദേശീയപാത വിഭാഗം ഓഫിസിൽ ഏൽപിച്ചിട്ട് 20 മാസത്തിലേറെയായി. വികസനത്തോടൊപ്പം നിൽക്കുമ്പോൾ നഷ്​ടപരിഹാരം വേഗത്തിലുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥലമുടമകൾ. വീടും സ്ഥലവും വിട്ടുനൽകിയവർ താമസം മാറാൻ ഒരുങ്ങിനിൽക്കുകയാണ്. ചിലർ വായ്പയെടുത്തും മറ്റും പുതിയ സ്ഥലം വാങ്ങുകയും വീടുനിർമാണമാരംഭിക്കുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളുൾപ്പെടെ നഷ്​ടപ്പെടുന്നവർ ഭാവിപരിപാടികൾ ആസൂത്രണംചെയ്ത് പണംമുടക്കി പാതിവഴിയിലായെന്ന് പരിയാരം ഗ്രാമപഞ്ചായത്തംഗം പി.വി. സജീവൻ പറഞ്ഞു. ബാങ്ക് വായ്പയെടുത്ത് കെട്ടിടനിർമാണം ആരംഭിച്ചവരും വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽനിന്നും കുടിയിറങ്ങിയവരും കഷ്​ടത്തിലായിരിക്കുകയാണിപ്പോൾ. പലരുടെയും വായ്പ തിരിച്ചടവ് മുടങ്ങി. റോഡി​ൻെറ ഒരുവശത്തുള്ളവർക്ക് പണം ലഭിച്ചപ്പോഴാണ് ബാക്കിയുള്ളവരോട് അവഗണന. കോവിഡ് കാരണം മറ്റ്‌ വരുമാനങ്ങൾ നിലച്ചതും ഇവിടെയുള്ളവരുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ്. വിട്ടുനൽകിയ ഭൂമിക്കും വസ്തുക്കൾക്കുമുള്ള തുക എന്ന്‌ ലഭിക്കുമെന്നതിനെക്കുറിച്ച് ഒരുനിശ്ചയവുമില്ലാത്ത അവസ്​ഥയാണ്​. നഷ്​ടപരിഹാരത്തിനായി ബന്ധപ്പെട്ട ഓഫിസുകളിലെല്ലാം കയറിയിറങ്ങിയിട്ടും ഫലമില്ലെന്നാണ് സ്ഥലമുടമകൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.