ആദിവാസി ഗ്രാമപഞ്ചായത്തുമില്ല; വാർഡ് വിഭജനവുമില്ല

ഇത്തവണയും ആറളം ഫാം സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വാർഡായി തുടരും ആറളം: ആറളം ഫാം ഇത്തവണയും സംസ്ഥാനത്തെ ഏറ്റവും വലിയ പഞ്ചായത്ത് വാർഡായി തുടരും. കോവിഡ് പശ്ചാത്തലത്തിൽ വാർഡ് വിഭജനം വേണ്ടെന്ന തീരുമാനമാണ് ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമായ ആറളം ഫാം വാർഡി‍ൻെറ കാര്യത്തിൽ പ്രതികൂലമായത്. ആറളം പഞ്ചായത്തിലെ 17 വാർഡുകളിൽപ്പെട്ടതാണ് ആറളം ഫാം. 3500 ഏക്കർ സ്ഥലത്തായി 3500ൽ അധികം വോട്ടർമാരുള്ള ആറളം ഫാം വാർഡിനെ മൂന്നാക്കി പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 19 ആക്കാനായിരുന്നു ശിപാർശ ഉണ്ടായിരുന്നത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇതില്ലാതായി. സാധാരണ വാർഡി‍ൻെറ മൂന്നിരട്ടി വലുപ്പത്തിൽ ഒരു വാർഡ് എന്നത് വികസന സന്തുലിതാവസ്ഥ തകർക്കുമെന്നായിരുന്നു വിലയിരുത്തൽ. പഞ്ചായത്തുകളിൽ 1000 വോട്ടർമാർക്ക് ഒരു വാർഡ് എന്നതാണ് തെരഞ്ഞെടുപ്പു കമീഷൻ നയം. നേരിയ എണ്ണത്തി​ൻെറ കൂടുതലും കുറവും ഉണ്ടാകാറുണ്ടെങ്കിലും ആറളം ഫാമിലെ അത്രയും വോട്ടർമാർ ഒരു വാർഡിലും ഇല്ല. ആറളം ഫാമിനെ ആദിവാസി പുനരധിവാസ കേന്ദ്രമാക്കിയതോടെയാണ് വോട്ടർമാരുടെ എണ്ണം വർധിച്ചത്. ഇപ്പോൾ 3500 വോട്ടർമാരാണ് ഉള്ളതെങ്കിലും 500 പേരെങ്കിലും വോട്ടർപട്ടികയിൽ പേരു ചേർക്കാനാകാതെ ഉണ്ടെന്നാണു സൂചന. നിലവിലുള്ള വാർഡിനെ കീഴ്പള്ളി, വളയംചാൽ, പാലക്കുന്ന് എന്നിങ്ങനെ മൂന്ന് വാർഡുകൾ ആക്കുകയായിരുന്നു ലക്ഷ്യം. വാർഡ് വിഭജനം നടന്നില്ലെങ്കിലും ഫാം വാർഡിൽ മൂന്ന് ബൂത്തുകൾ അനുവദിച്ചതു നേരിയ ആശ്വാസമാകും. ആറളം ആദിവാസി പുനരധിവാസ മേഖല ഇടമലക്കുടി മോഡൽ ആദിവാസി പഞ്ചായത്താക്കണമെന്ന വിവിധ സംഘടനകളുടെ ആവശ്യവും നടപ്പാവാത്തത് വികസനത്തിനും തടസ്സമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.