ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാത തകർന്ന്​ അപകടക്കെണി

പെരുവളത്ത്പറമ്പ് പെട്രോൾ പമ്പിനു സമീപം വൻ കുഴികൾ രൂപപ്പെട്ടു ഇരിക്കൂർ: പെരുവളത്ത്പറമ്പ് പെട്രോൾ പമ്പിനു സമീപം വളവിൽ ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ് വൻ കുഴികൾ രൂപപ്പെട്ടു. കഴിഞ്ഞ വർഷം റോഡ് തകർന്ന ഭാഗത്തു തന്നെയാണ് ഇത്തവണയും കുഴികൾ ഉണ്ടായത്. വലിയ കുഴിയിൽ മഴവെള്ളം നിറയുന്നതോടെ തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങളടക്കം വീഴുന്നതും മറിയുന്നതും പതിവാണ്. സംസ്ഥാന പാതയിലെ വളവും വീതി കുറഞ്ഞ റോഡും ഉള്ള ഭാഗമാണിവിടെ. ഇരുപാതയോരത്തും ഓവുചാലുകൾ ഇല്ലാത്തതിനാൽ ഉയർന്ന പ്രദേശങ്ങളിൽ നിന്നും പറമ്പുകളിൽ നിന്നും ഒഴുകിവരുന്ന മഴവെള്ളം സംസ്ഥാന പാതയിലൂടെ ശക്തിയോടെ കുറുകെ ഒഴുകുന്നതിനാലാണ്​ റോഡും പാതയരികും തകർന്ന് വലിയ കുഴികളാവുന്നത്. മെക്കാഡം ടാറിങ്​ നടത്തിയ ശേഷം നടപ്പാതക്കായി ഒരു മീറ്റർ വീതിയിൽ കരിങ്കല്ല്​ വിരിക്കാറുണ്ട്. അതും ഇവിടെ ഇല്ലാത്തത്​ പാതയോരം തകരാൻ കാരണമാകുന്നു. മഴക്കാലത്ത് ഇതുവഴി വാഹനങ്ങൾ പോകുമ്പോൾ കാൽനടക്കാരുടെയും ഇരുചക്രവാഹനത്തിൽ പോകുന്നവരുടെയും ദേഹത്ത്​ ചളിവെള്ളം തെറിക്കുന്നത്​ സ്ഥിരം സംഭവമാണ്. അപകടക്കുഴികൾ നികത്താൻ ആവശ്യപ്പെട്ട് ഡ്രൈവർമാരും നാട്ടുകാരും പൊതുമരാമത്ത് അധികൃതരെ നിരവധി തവണ ബന്ധപ്പെട്ടിട്ടും നടപടിയില്ല. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി സംസ്ഥാന പാതയിലെ അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും വാഹന ഉടമകളുടെയും ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.