അര്‍ഹതപ്പെട്ടവരെ പട്ടികയില്‍നിന്ന്​ ഒഴിവാക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നു –എം.വി. ജയരാജൻ

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടികയില്‍ അനര്‍ഹരെ തിരുകിക്കയറ്റാനും അര്‍ഹതപ്പെട്ടവരെ പട്ടികയില്‍ നിന്നും ഒഴിവാക്കാനും യു.ഡി.എഫും ബി.ജെ.പിയും ബോധപൂര്‍വം നടത്തുന്ന നീക്കങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന്​ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ പുഷ്പഗിരി വാര്‍ഡില്‍ നിന്നും 686 വോട്ടാണ് പരിയാരം പഞ്ചായത്തിലെ ആറാം വാര്‍ഡായ തലോറയിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്. തലോറ വാര്‍ഡില്‍ നിലവിലുള്ള ആകെ വോട്ട് 1267 ആണ്. അവിടെ 686 വോട്ടര്‍മാരെ കൂടി ചേര്‍ക്കാന്‍ ഒരു പാര്‍ട്ടിക്കാര്‍ മാത്രം അപേക്ഷ കൊടുക്കുന്നത് സംശയാസ്പദമാണ്. അതുകൊണ്ടാണ് പരിശോധന നടത്തിയത്. ഇവരില്‍ പലരുടെയും റേഷന്‍ കാര്‍ഡുകള്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ റേഷന്‍ കടയിലാണെന്നുമാത്രമല്ല സ്ഥിരതാമസം മുനിസിപ്പാലിറ്റിയിലാണുതാനും. പരിയാരം പഞ്ചായത്തില്‍ കുപ്പം വാര്‍ഡില്‍ നിന്നും കടന്നപ്പള്ളി പഞ്ചായത്തില്‍നിന്നും നൂറോളം അനര്‍ഹരായ വോട്ടര്‍മാരുടെ പേരില്‍ പരിയാരം പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. രാമന്തളി പഞ്ചായത്തില്‍ അനര്‍ഹരായ വോട്ടര്‍മാരുടെ 50ഓളം പേരുകള്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി നല്‍കിയത് ബാലകൃഷ്​ണ​ൻെറ പേരിലാണ്. രക്തസാക്ഷി ഒ.കെ. കുഞ്ഞിക്കണ്ണ​ൻെറ മകനാണ് ബാലകൃഷ്ണന്‍. സി.പി.എമ്മി‍ൻെറ പ്രവര്‍ത്തകനായ ബാലകൃഷ്ണന്‍ ഇത്തരമൊരു പരാതി നല്‍കിയിട്ടില്ല. വ്യാജപേരില്‍ കള്ള ഒപ്പിട്ടാണ് 30ഓളം വോട്ടുകള്‍ തള്ളാനുള്ള അപേക്ഷ നല്‍കിയത്. വോട്ടര്‍മാരാവട്ടെ സി.പി.എം അനുഭാവികളാണ്. അവര്‍ ദീര്‍ഘകാലമായി രാമന്തളി പഞ്ചായത്തില്‍ താമസക്കാരാണ്. ലീഗുകാരാണ് ഇത്തരമൊരു വ്യാജപരാതി നല്‍കിയത്. കണ്ണൂര്‍ കോര്‍പറേഷനില്‍ 28ാം ഡിവിഷനില്‍ സ്ഥിരതാമസക്കാരും ഈ ഡിവിഷനില്‍ റേഷന്‍ കടയില്‍ പേരുള്ളവരുമായ 14 കുടുംബങ്ങളിലെ 54 ആളുകളുടെ പേരുകള്‍ 29ാം ഡിവിഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് നല്‍കിയ പരാതികളില്‍ കഴമ്പുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാനൂര്‍ മുനിസിപ്പാലിറ്റിയിലെ 14 വാര്‍ഡുകളില്‍ അനര്‍ഹരായ 500 ഓളം പേരുകള്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. വോട്ടര്‍പട്ടികയില്‍ കള്ളവോട്ട് ചേര്‍ക്കാന്‍ വ്യാപകമായി യു.ഡി.എഫ് അപേക്ഷ നല്‍കിയിട്ടുണ്ട്. സമഗ്രമായ അന്വേഷണം നടത്തുകയും ഇവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കുകയും വേണം. പരാജയഭീതി മൂലമാണ് കള്ളവോട്ട് ചേര്‍ക്കാനും അര്‍ഹതപ്പെട്ട എല്‍.ഡി.എഫ് വോട്ടുകള്‍ തള്ളിക്കാനും യു.ഡി.എഫ് ശ്രമം നടത്തുന്നത്. കള്ളവോട്ട് ചേര്‍ക്കുന്നവർക്കും ചേര്‍പ്പിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.