കേളകത്ത്​ മാലിന്യ സംസ്‌കരണത്തിന് ശാശ്വത സംവിധാനങ്ങളില്ലാതായിട്ട് ഒരുവർഷം

കേളകം: കേളകം ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് ശാശ്വതമായ സംവിധാനങ്ങളില്ലാതായിട്ട് ഒരു വർഷം പിന്നിട്ടു. മാലിന്യ സംസ്‌കരണത്തിന് മാർഗങ്ങളില്ലാതെ വ്യാപാരികൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇവ നിർമാർജനം ചെയ്യാനായി സ്വയം സംവിധാനങ്ങൾ ഒരുക്കേണ്ട സാഹചര്യത്തിലാണ് വ്യാപാരികൾ. കേളകം ബസ്​റ്റാൻഡിനു സമീപത്ത് മാലിന്യസംസ്‌കരണകേന്ദ്രം പ്രവർത്തിച്ചിരുന്നു. പേപ്പർ മാലിന്യങ്ങൾ കത്തിക്കുന്നതിനാവശ്യമായ സംവിധാനമായിരുന്നു ഇവിടെ ഒരുക്കിയിരുന്നത്. എന്നാൽ, പ്ലാസ്​റ്റിക് അടക്കം കത്തിക്കുകയും പച്ചക്കറി മാലിന്യങ്ങളടക്കം സംസ്‌കരണ കേന്ദ്രത്തിനു സമീപം നിക്ഷേപിക്കാനും തുടങ്ങിയതോടെ പ്രദേശത്തെ വ്യാപാരികളടക്കം പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചു. ശാസ്ത്രീയമായ രീതിയിൽ സംസ്‌കരണം നടത്താതിരുന്നതോടെ കേന്ദ്രം പ്രവർത്തിക്കാതായി. പിന്നീട്​ ചെട്ടിയാംപറമ്പിൽ മാലിന്യസംസ്‌കരണ കേന്ദ്രം തുടങ്ങുന്നതിനായി കേളകം പഞ്ചായത്ത് കെട്ടിടം പണിയുകയും സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. എന്നാൽ, ജനവാസ മേഖലയിൽ മാലിന്യസംസ്‌കരണ കേന്ദ്രം പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്തെത്തിയതോടെ പ്രവർത്തനം തുടങ്ങിയില്ല. മാലിന്യങ്ങൾ പൊടിക്കുന്ന തരത്തിലുള്ള സംവിധാനമായതിനാൽ മറ്റുപ്രശ്‌നങ്ങളുണ്ടാകില്ലെന്ന് അറിയിച്ചെങ്കിലും ജനങ്ങൾ എതിർക്കുകയായിരുന്നെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. മാലിന്യസംസ്‌കരണ മാർഗങ്ങളില്ലാത്തതിനാൽ കേളകത്തെ വ്യാപാരികളുടെ ബുദ്ധിമുട്ട്​ തുടരുകയാണ്​. kel waste centre കേളകം ബസ്​ സ്​റ്റാൻഡിനു സമീപം അടച്ചുപൂട്ടിയ മാലിന്യസംസ്‌കരണ കേന്ദ്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.