തളിപ്പറമ്പ് നഗരസഭ; വോട്ടർപട്ടികയിൽ ക്രമക്കേട് നടക്കുന്നതായി യു.ഡി.എഫ്

തളിപ്പറമ്പ്: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച തളിപ്പറമ്പ് നഗരസഭയിലെ കരട് വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയതായി യു.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. യു.ഡി.എഫ് ശക്തികേന്ദ്രമായ ഏഴാംമൈൽ, കാക്കാഞ്ചാൽ വാർഡുകളിലും പുളിമ്പറമ്പിലും സി.പി.എം വ്യാപകമായി കള്ളവോട്ട് ചേർത്തതായാണ് ആരോപണം. ഈ സംഭവത്തിൽ പ്രക്ഷോഭം നടത്തുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. കോവിഡ് കാരണം ഇത്തവണ വാർഡ് വിഭജനം നടക്കാത്തതിനാൽ തളിപ്പറമ്പ് നഗരസഭ ഭരണം പിടിക്കാൻ വോട്ടർ പട്ടികയിൽ സി.പി.എം കൃത്രിമം കാട്ടുകയാണ്​. സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള കൂവോട്, പ്ലാത്തോട്ടം, തുരുത്തി വാർഡുകളിൽ സ്ഥിരതാമസക്കാരായ 149 പേരുടെ വോട്ടുകളാണ് ഏഴാംമൈൽ വാർഡിലെ വോട്ടർ പട്ടികയിലും ചേർത്തിരിക്കുന്നത്. അതുപോലെ തുരുത്തി, കുറ്റിക്കോൽ എന്നിവിടങ്ങളിലെ 51 വോട്ടർമാരെ കാക്കാഞ്ചാൽ വാർഡിലെ വോട്ടർ പട്ടികയിലും ചേർത്തു. പുളിമ്പറമ്പിൽ വാർഡിന് പുറത്തുള്ള 115 പേരെയുമാണ് വോട്ടർ പട്ടികയിൽ അനധികൃതമായി തിരുകിക്കയറ്റിയത്. വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കടകളും ഇതര മതസ്ഥരുടെ വീടുകളും ആൾതാമസമില്ലാത്ത വാടക വീടുകളും ഷെഡുകളുമാണ് വോട്ടർമാരുടെ വിലാസമായി നൽകിയിരിക്കുന്നത്. ഇതിനെതിരെ തളിപ്പറമ്പ് നഗരസഭ രജിസ്ട്രാർ ഓഫിസർക്കുൾപ്പെടെ പരാതി നൽകി. സത്യസന്ധമായ തീരുമാനം വന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സമരം നടത്തുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ തളിപ്പറമ്പ് നഗരസഭ യു.ഡി.എഫ് ചെയർമാൻ പി. മുഹമ്മദ് ഇഖ്ബാൽ, കൺവീനർ ടി.വി. രവി, കൊടിയിൽ സലിം, പി.പി. മുഹമ്മദ് നിസാർ, അഡ്വ. സക്കരിയ കായക്കൂൽ, കെ. നബീസ ബീവി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.