വിടവാങ്ങിയത് കണ്ണൂരിലെ മാധ്യമരംഗത്തെ സൗമ്യസാന്നിധ്യം

വിടവാങ്ങിയത് കണ്ണൂരിലെ മാധ്യമരംഗത്തെ സൗമ്യസാന്നിധ്യം പയ്യന്നൂർ: കണ്ണൂരി​ലെ മാധ്യമപ്രവർത്തകർക്കിടയിലെ സൗമ്യ സാന്നിധ്യമായിരുന്നു ശനിയാഴ്ച വിടവാങ്ങിയ ഐസക് പിലാത്തറ. ശാസ്ത്ര സാങ്കേതികരംഗം ഏറെ പുരോഗമിക്കാത്ത കാലത്ത് മാധ്യമപ്രവർത്തനത്തിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ അദ്ദേഹം വടക്കൻ കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് എന്നും ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ പ്രിയങ്കരനായിരുന്നു. എല്ലാവരോടും സ്നേഹവാത്സല്യത്തോടെ പെരുമാറുന്ന അദ്ദേഹം വിരമിച്ച ശേഷവും പത്രപ്രവർത്തന രംഗത്ത് സജീവമായി. മലബാറിലെ ലത്തീന്‍ സഭയുടെ ചരിത്രകാരൻ കൂടിയായിരുന്നു ഐസക് പിലാത്തറ. മാധ്യമപ്രവര്‍ത്തകന്‍, നാടകരചയിതാവ്, ഗ്രന്ഥകര്‍ത്താവ്, സാമൂഹിക പ്രവർത്തകൻ, സാമുദായിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ 41 വര്‍ഷത്തോളം സജീവമായ ശേഷമായിരുന്നു വിട വാങ്ങൽ. 1945 സെപ്​റ്റംബര്‍ 20ന് മാടായിയില്‍ ജനിച്ച ഐസക്കിന് മാടായി ലിറ്റില്‍ ഫ്ലവര്‍ സ്‌കൂളില്‍ പഠിക്കുന്നതുമുതല്‍ തന്നെ എഴുത്തും വായനയും ഇഷ്​ടമായിരുന്നു. അഴീക്കോട് ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ തൊട്ടടുത്ത വായനശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. 'അബ്രഹാമി ൻെറ ബലി' എന്ന ബൈബിള്‍ ഏകാങ്കനാടകം രചിച്ചുകൊണ്ടാണ് സാഹിത്യത്തിലേക്കുള്ള രംഗപ്രവേശനം. നിരവധി ബൈബിള്‍ നാടകങ്ങള്‍ പിന്നീട് രചിച്ചു. ഫാദര്‍ മണിപ്പാടവും അധ്യാപകനായ സി. ആൻറണി മാസ്​റ്ററുമായിരുന്നു സാഹിത്യ രചനക്ക് പ്രചോദനം. കോഴിക്കോട്, കണ്ണൂര്‍ ആകാശവാണിയില്‍ നിരവധി നാടകങ്ങള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കോഴിക്കോട് ദേവഗിരി കോളജില്‍നിന്ന് ബിരുദം നേടിയശേഷം കോട്ടയത്ത് ഭാഗ്യജാത മാസികയിലായിരുന്നു പത്രപ്രവര്‍ത്തനത്തി​ൻെറ തുടക്കം. പിന്നീട് പൗരധ്വനി വാരികയില്‍ സബ് എഡിറ്ററായി. അക്കാലത്ത് കുട്ടികളുടെ ദീപികയിപ ശാസ്ത്രലേഖനങ്ങളും ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതിയിരുന്നു. മംഗളം വാരികയുടെ ആരംഭം മുതല്‍ അതി​ൻെറ സബ് എഡിറ്ററായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സത്യദീപം, മലബാര്‍ മെയില്‍, കേരള ടൈംസ് എന്നിവയിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മംഗളം ദിനപത്രം തുടങ്ങിയപ്പോള്‍ കണ്ണൂര്‍ ജില്ല റിപ്പോര്‍ട്ടറായി. കോഴിക്കോട് എഡിഷന്‍ ആരംഭിച്ചപ്പോള്‍ കണ്ണൂര്‍ ബ്യൂറോ ചീഫായി.കേരള ടൈംസില്‍ പ്രസിദ്ധീകരിച്ച 'മദര്‍ പേത്ര ദീനദാസി' എന്ന ജീവചരിത്ര പരമ്പര പിന്നീട്, പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു. മംഗളത്തില്‍ എഴുതിയ പാഴായിപ്പോകുന്ന പഴശ്ശി പദ്ധതി, വികസനം തേടുന്ന കണ്ണൂര്‍ എന്നീ പരമ്പരകള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കണ്ണൂര്‍ രൂപതയുടെ മാസ് മീഡിയ കമീഷന്‍ കോഓഡിനേറ്ററായും പ്രവര്‍ത്തിച്ചു. മീഡിയ കമ്മ്യൂണിക്കേഷ​ൻെറ മുഖപത്രമായ 'മീഡിയവോയ്‌സി​ൻെറ' എഡിറ്ററായിരുന്നു. വിന്‍സെന്‍ഷ്യന്‍ മാസികയുടെ സബ് എഡിറ്ററായും സി.എസ്.ടി ബ്രദേഴ്‌സ് അങ്കമാലിയില്‍ മാസ് പ്രസിദ്ധീകരിച്ച 'പുഷ്പസന്ദേശം' ബുള്ളറ്റി​ൻെറ എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. സുവനീറുകള്‍, ജൂബിലി പതിപ്പുകള്‍ എന്നിവയുടെയും പത്രാധിപ സമിതിയംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മഹദ് ജന്മ ശതാബ്​ദി സ്മരണിക ശബ്​ദത്തി​ൻെറ സബ് എഡിറ്ററായിരുന്നു. കണ്ണൂര്‍ പ്രസ് ക്ലബ്​ എക്‌സിക്യൂട്ടിവ് അംഗമായും സംസ്ഥാന പ്രവര്‍ത്തക സമിതിയംഗമായും പ്രവർത്തിച്ചിരുന്നു. 'ഹോപ്' ചാരിറ്റബിള്‍ ട്രസ്​റ്റ്​ മെംബറാണ്. 1975-76 കാലഘട്ടത്തില്‍ ഫാ. ആബേലി​ൻെറ നേതൃത്വത്തിലുള്ള കൊച്ചിന്‍ കലാഭവ​ൻെറ പി.ആര്‍.ഒ ആയും പ്രവര്‍ത്തിച്ചിരുന്നു. സമിതിയുടെ മാസികയായ എവേക്കി​ൻെറ മുഖ്യപത്രാധിപരായിരുന്നു. കേരള ലേബര്‍ കോണ്‍ഗ്രസ്​ ജില്ല കണ്‍വീനറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരിലെ സാംസ്‌കാരിക സംഘടനയായ 'സുഹൃദ്‌വേദി' കണ്‍വീനര്‍, ജില്ല ടൂറിസം ക്ലബ് എക്‌സിക്യൂട്ടിവ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. മദര്‍ പേത്രദീനദാസി (ജീവചരിത്രം), പിതാവായ അബ്രഹാം (ബൈബിള്‍ തിരക്കഥ), തേന്‍തുള്ളികള്‍ (ബാലസാഹിത്യം), പുരാതന മനുഷ്യസങ്കല്പങ്ങള്‍ (കുട്ടികളുടെ ദീപിക) എന്നിവ പ്രധാന കൃതികളാണ്​. സ്വന്തം പ്രസിദ്ധീകരണശാലയായ ബഥേല്‍ പബ്ലിക്കേഷന്‍സാണ് പുസ്തകങ്ങല്‍ പ്രസിദ്ധീകരിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.