പത്താം ക്ലാസ് പാസായി; ഇനി മിർഷാനക്ക്​ ടീച്ചറാവണം

മൊഗ്രാൽ: പ്രതികൂല ചുറ്റിപാടിനെ അതിജീവിച്ച്​ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം കരസ്​ഥമാക്കിയ നഫീസത്ത് മിർഷാനയുടെ നേട്ടത്തിന്​ ഇരട്ടിമധുരം. അരക്കുതാഴെ തളർന്ന ശരീരവുമായി വീൽചെയറിലിരുന്ന് പരീക്ഷ എഴുതുമ്പോൾ തന്നെ മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി മിർഷാനക്ക്​ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി അതിജീവനത്തി​ൻെറ പാതയിലാണ് ഈ മിടുക്കി. 2015 വർഷാവസാനത്തിലാണ് മിർഷാനക്ക്​ അരക്കുതാഴെ തളർച്ച വന്നുതുടങ്ങിയത്. മദ്റസാധ്യാപകനായ പിതാവ് അബ്​ദുൽകരീം മൗലവി മകളെ ചികിത്സിക്കാത്ത ആശുപത്രികളില്ല. ഡോക്ടർമാർ കൈമലർത്തിയപ്പോൾ ചികിത്സക്ക്​ അവധി നൽകി വർഷങ്ങൾക്കുശേഷം മിർഷാന വീണ്ടും സ്കൂളിൽ എത്തുകയായിരുന്നു. പത്താംതരം പരീക്ഷയിൽ പാസായ സന്തോഷത്തിലാണ് ഇപ്പോൾ മിർഷാന. 'ഇനിയും പഠിക്കണം. എനിക്ക് ഒരു അധ്യാപികയാവണം' -മിർഷാന പറഞ്ഞു. മിർഷാനയുടെ ഓരോ ചുവടുവെപ്പിനും പിന്തുണയും സഹായവുമായി മൊഗ്രാൽ ഡയറി എന്ന വാട്സ് ആപ് കൂട്ടായ്മയും മൊഗ്രാൽ ദേശീയവേദിയും അധ്യാപകരും പി.ടി.എ കമ്മിറ്റിയും ഒപ്പമുണ്ട്. മിർഷാനയുടെ വിജയവാർത്തയറിഞ്ഞ്​ മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ മിർഷാനയുടെ വീട്ടിലെത്തി സന്തോഷത്തിൽ പങ്കുചേരുകയും അഭിനന്ദനങ്ങൾ അറിയിച്ച് മധുരം നൽകുകയും ചെയ്തു. mirshana: വൈകല്യത്തെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും ജയം നേടിയ മൊഗ്രാൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മിർഷാനക്ക്​ മധുരവുമായി മൊഗ്രാൽ ദേശീയവേദി പ്രവർത്തകർ വീട്ടിലെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.