ക്വാറൻറീനിൽ കഴിയുന്ന സിദ്ദീഖിന് ഭക്ഷണമൊരുക്കാൻ അയൽവാസികൾ തമ്മിൽ മത്സരം (പടം ഉണ്ട് )

പടന്ന: മഹാമാരിയുടെ കാലത്ത് എങ്ങനെയും നാടണയാൻ കൊതിക്കുന്ന പ്രവാസികൾക്ക് ചില നാട്ടുകാരിൽനിന്നും ചിലർക്ക് സ്വന്തം വീട്ടുകാരിൽനിന്നും ഏൽക്കേണ്ടിവരുന്ന തിക്താനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ വാർത്താ മാധ്യമങ്ങളിലെ ചർച്ച. പ്രവാസികളെ കുറിച്ച്, രോഗവും കൊണ്ടുവരുന്നവർ എന്ന തെറ്റായ കാഴ്ചപ്പാട് പടർന്നത് അവരുടെ ഒറ്റപ്പെടലിന് കാരണമായിട്ടുണ്ട്. എന്നാൽ, ഈ സാഹചര്യത്തിലും പടന്ന വടക്കേപ്പുറത്തുനിന്ന് ഇതാ ഒരു വ്യത്യസ്ത വാർത്ത. നാല് ദിവസം മുമ്പ് അജ്മാനിലുള്ള മകൻ കെ.വി. സിദ്ദീഖ് നാട്ടിലെത്തുന്നു എന്നറിഞ്ഞപ്പോൾ ഉമ്മ മറിയുമ്മക്ക് മകനെ എവിടെ താമസിപ്പിക്കുമെന്ന ആശങ്കയായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പെൺമക്കളെ ഭർതൃവീട്ടിൽ പറഞ്ഞയച്ചു. ഹാർട്ട് രോഗിയായ താൻ കുറച്ച് ദൂരെ താമസിക്കുന്ന സഹോദര​ൻെറ വീട്ടിലേക്ക് മാറിയാൽ മകന് ആര് ഭക്ഷണമൊരുക്കി കൊടുക്കും? ഇതായിരുന്നു അവരുടെ ആശങ്ക. ഈ നേരത്താണ് സ്നേഹവലയം തീർത്തുകൊണ്ട് അയൽവാസികൾ രംഗത്തെത്തിയത്. ഉമ്മയെ സഹോദര​ൻെറ വീട്ടിലേക്ക് പറഞ്ഞയച്ച അയൽവാസികൾ, സിദ്ദീഖി​ൻെറ മുഴുവൻ കാര്യങ്ങളും തങ്ങൾ ഏറ്റെടുത്തോളാമെന്ന് ഉറപ്പുകൊടുത്തു. പിന്നെ കാണാൻ കഴിഞ്ഞത് സിദ്ദീഖ് എന്ന പ്രവാസിക്ക് ഭക്ഷണമെത്തിക്കാൻ അയൽവാസികൾ തമ്മിലുള്ള മത്സരമായിരുന്നു. അടുത്തുള്ള നാല് വീട്ടുകാർ ഊഴമിട്ട് ഓരോ നേരത്തെ ഭക്ഷണം ഏറ്റെടുത്തു. ഏത് പാതിരാത്രിയിലും എന്ത് സഹായത്തിന് വിളിച്ചാലും ഇറങ്ങിപ്പോവുന്ന പ്രകൃതമായിരുന്നു സിദ്ദീഖിന്. ആ കരുതലും സ്നേഹവും പ്രതിസന്ധി ഘട്ടത്തിൽ അയൽവാസികൾ തിരിച്ചുനൽകുകയായിരുന്നു. കഴിഞ്ഞ നാലുമാസം അജ്മാനിൽ വിസിറ്റിങ്​ വിസയിൽ ആയിരുന്നു സിദ്ദീഖ്. വെറും 15 ദിവസം മാത്രമാണ് ജോലി ചെയ്യാൻ കഴിഞ്ഞത്. അപ്പോഴേക്കും കോവിഡ് വ്യാപനം ജോലിയെന്ന സ്വപ്നത്തിനുമേൽ കരിനിഴൽ വീഴ്ത്തി. അയൽവാസികൾ കൂടപ്പിറപ്പിനെപ്പോലെ ഏറ്റെടുത്തിരിക്കുന്ന സിദ്ദീഖി​ൻെറ ഭക്ഷണകാര്യങ്ങൾ നിയന്ത്രിക്കുന്നത് അയൽവാസിയും പ്രവാസിയുമായിരുന്ന എം. സമീറാണ്. sidhiq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.