ഇരിട്ടി പുതിയപാലത്തിൽ വീണ്ടും ലോറി കുടുങ്ങി; ഗതാഗതം തടസ്സപ്പെട്ടു

പാലം നിർമാണത്തിലെ അശാസ്ത്രീയതയാണ് വാഹനങ്ങൾ കുടുങ്ങാൻ കാരണമെന്ന് ആക്ഷേപം ഇരിട്ടി: പുതിയപാലത്തിൽ ലോറികൾ കുടുങ്ങുന്നത് ടൗണിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. കൂട്ടുപുഴ ഭാഗത്തുനിന്ന് ഇരിട്ടി ഭാഗത്തേക്ക് വരുമ്പോൾ പാലത്തിലേക്ക് കയറുന്ന സ്ഥലത്തെ ഡിവൈഡറാണ് വില്ലൻ. കാൽനടയാത്രക്കാർക്കും റോഡിനും ഇടയിലെ ഡിവൈഡറിൽ വാഹനത്തിന്റെ പിന്നിലെ ടയർ തട്ടി കേടുപാട് സംഭവിക്കുന്നു. ഇങ്ങനെ കേടായ വാഹനമാണ് കഴിഞ്ഞദിവസം പാലത്തിൽ കുടുങ്ങിയത്. ചെന്നൈയിൽനിന്ന് ബംഗളൂരു വഴി തലശ്ശേരിയിലേക്ക് മത്സ്യം കയറ്റിവന്ന ലോറിയാണ് ഞായറാഴ്ച പാലത്തിൽ കുടുങ്ങിയത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയർ ഡിവൈഡറിൽ തട്ടി തെന്നി മാറുകയായിരുന്നു. ഇതോടെ വാഹനത്തിന് കേടുപറ്റി. ലോറി പാലത്തിൽനിന്ന് നീക്കാൻ കഴിയാത്ത അവസ്ഥയുമായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പഴയപാലം ഉൾപ്പെടെ ഉപയോഗപ്പെടുത്തി വാഹനങ്ങൾ തിരിച്ചുവിടുകയായിരുന്നു. പാലം നിർമാണത്തിലെ അശാസ്ത്രീയതയാണ് ഇത്തരത്തിൽ വാഹനങ്ങൾ പാലത്തിൽ ഇടക്കിടെ കുടുങ്ങി കേടുപാടു സംഭവിക്കാൻ ഇടയാകുന്നതെന്ന ആരോപണം ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.