തലശ്ശേരി: ആറുമാസമായി അടച്ചിട്ട, തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സിലെ മുനിസിപ്പാലിറ്റി ശൗചാലയം ഒടുവിൽ തുറന്നു. മഴക്കാലമായിട്ടും ശങ്കമാറ്റാൻ ജനങ്ങൾ പ്രയാസപ്പെടുന്നതിനെത്തുടർന്ന് നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ കടുത്ത പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് ശൗചാലയം തുറക്കാൻ നടപടിയുണ്ടായത്. മനേക്കര സ്വദേശിയായ ബഷീറാണ് പരിപാലന ചുമതല ഏറ്റെടുത്ത് വ്യാഴാഴ്ച രാവിലെ ശൗചാലയം തുറന്നത്. വൈകിയാണെങ്കിലും ഇത് തുറന്നുകിട്ടിയതിന്റെ ആശ്വാസത്തിലാണ് സമീപത്തെ വ്യാപാരികളും നഗരത്തിലെത്തുന്നവരും. സെപ്റ്റിക് ടാങ്ക് നിറഞ്ഞതിനെത്തുടർന്ന് കഴിഞ്ഞ ഡിസംബർ അവസാന വാരത്തിലാണ് ശൗചാലയം അടച്ചിട്ടത്. രണ്ടുദിവസത്തിനകം തുറക്കുമെന്നാണ് അന്ന് ഇതിനുമുന്നിൽ അറിയിപ്പ് പതിച്ചത്. എന്നാൽ, തുറക്കാനുള്ള നടപടി മാസങ്ങളോളം നീളുകയായിരുന്നു. ഒരു സ്വകാര്യ വ്യക്തിയാണ് നഗരസഭയിൽനിന്നും ശൗചാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തിരുന്നത്. ജൂബിലി ഷോപ്പിങ് കോംപ്ലക്സിന്റെ താഴെ നിലയിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് നടുവിലാണ് പേ സംവിധാനത്തിലുള്ള ശൗചാലയം പ്രവർത്തിക്കുന്നത്. പഴയ ടാക്സി സ്റ്റാൻഡിലാണ് ഇതിന്റെ ടാങ്കുള്ളത്. ടാങ്ക് നിറഞ്ഞുകവിഞ്ഞ് മലിനജലം പുറത്തേക്കൊഴുകാൻ തുടങ്ങിയതോടെയാണ് അടച്ചുപൂട്ടിയത്. പലയിടങ്ങളിൽനിന്നായി നഗരത്തിൽ എത്തുന്നവർ പ്രാഥമികാവശ്യങ്ങൾക്കായി പലപ്പോഴും വലയുകയാണ്. നഗരത്തിൽ പുതിയ ബസ് സ്റ്റാൻഡിലാണ് നഗരസഭയുടെ മറ്റു ശൗചാലയങ്ങളുള്ളത്. നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി ഭൂരിഭാഗമാളുകളും എത്തുന്നത് പഴയ ബസ് സ്റ്റാൻഡിലാണ്. ആളുകൾ സദാസമയവും കടന്നുപോകുന്ന വഴിയിൽ കംഫർട്ട് സ്റ്റേഷൻ സ്ഥാപിച്ചത് തുടക്കത്തിൽ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ആദ്യം സ്ഥാപിച്ചിരുന്ന സെപ്റ്റിക് ടാങ്ക് പെട്ടെന്ന് നിറയുന്ന സാഹചര്യമുണ്ടായപ്പോഴാണ് വലിയ കുഴിയെടുത്ത് പിന്നീട് ശൗചാലയം പ്രവർത്തനം തുടങ്ങിയത്. രണ്ട്, അഞ്ച്, പത്ത് രൂപ നിരക്കിലാണ് ശൗചാലയത്തിൽ ആവശ്യങ്ങൾക്ക് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.