റബർ വില ഉയരുന്നു; കർഷകർക്ക് പ്രതീക്ഷ

കേളകം: റബർ വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയായി. മാസങ്ങൾക്കുമുമ്പ് റബർ വില 190 രൂപവരെ ഉയർന്ന് 168ൽ എത്തിയിരുന്നു. നിലവിൽ കിലോഗ്രാമിന് 177 രൂപയാണ് തിങ്കളാഴ്ച റബർ ബോർഡ് വില. ഒട്ടുപാലിന് 122 രൂപയാണ് വിപണി വില. റെയിൻ ഗാർഡ് ചെയ്ത് ടാപ്പിങ് നടത്തുന്ന കർഷകർക്ക് റബർ വിപണിയിലെ കയറ്റം ഏറെ ആശ്വാസം പകരുന്നു. റബർ ഷീറ്റിന്റെ ലഭ്യതക്കുറവും വില വർധനവിന് കാരണമായിട്ടുണ്ട്. ഒരുവിഭാഗം കർഷകർ റബർ ഷീറ്റ് ഉൽപാദനത്തിൽ നിന്നുമാറി വീപ്പകളിൽ പാലായി സംഭരിച്ച് ലാറ്റക്സായി കൊടുക്കുന്നത് ഷീറ്റ് ഉൽപാദനത്തിൽ വലിയ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. ഇതാണ് ഇപ്പോൾ വിപണിയിൽ ഷീറ്റിന് ലഭ്യതക്കുറവ്‌ ഉണ്ടാക്കുന്നത്. ഷീറ്റ് ഉൽപാദനത്തിൽ വേണ്ടിവരുന്ന വലിയ ചെലവാണ് കർഷകരെ ലാറ്റക്സിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നത്‌. ഉയർന്ന ആസിഡ്‌ വിലയും ഉണക്കാനുള്ള ചെലവും കണക്കാക്കിയാണ്‌ കർഷകർ ഷീറ്റുണ്ടാക്കാൻ വിമുഖത കാട്ടുന്നത്‌. ആസിഡ് വിലയിൽ ഇരട്ടിയോളം വർധനവുണ്ടായി. ഷീറ്റ് റബറും ലാറ്റക്സും തമ്മിൽ 15 രൂപയുടെ വ്യത്യാസം വന്നാൽപോലും ലാറ്റക്സ് ആയിരിക്കും കർഷകർക്ക് ലാഭം. ജൂണിൽ തോരാത്ത മഴ ഇല്ലാതിരുന്നതും കർഷകർക്ക് ഏറെ ആശ്വാസമായി. മുൻ വർഷങ്ങളിൽ ജൂൺ മാസത്തിൽ രാപ്പകൽ ഭേദമന്യേ പെയ്യുന്ന മഴ റെയിൻ ഗാർഡിങ് നടത്തിയ തോട്ടങ്ങളിൽപോലും ടാപ്പിങ് അസാധ്യമാക്കിയിരുന്നു. എന്നാൽ, ഇത്തവണ മഴ മാറിനിന്നതും വിലയുയരാൻ കാരണമായി. ഏപ്രിൽ -മേയ് മാസങ്ങളിൽ ഇടക്ക് മഴ ലഭിച്ചതും കർഷകർക്ക് ഏറെ ആശ്വാസം നൽകി. എന്നാൽ, രാസവളങ്ങളുടെ വില വർധന കർഷകരുടെ പ്രതീക്ഷയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.