കുഞ്ഞിമംഗലം ക്ഷയരോഗ ബോധവത്കരണ പഞ്ചായത്ത്

പയ്യന്നൂർ: ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി കുഞ്ഞിമംഗലം പഞ്ചായത്ത് പരിധിയിൽ ഊർജിത ക്ഷയരോഗ ബോധവത്കരണ പരിശോധന പരിപാടികൾ പൂർത്തിയായി. പ്രഖ്യാപനം 14ന് നടക്കും. 5120 വീടുകളിൽ 6000 ബോധവത്കരണ നോട്ടീസും 13,500 ചോദ്യാവലിയും ജനപ്രതിനിധികളുടെയും ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ആശ വർക്കർമാരുടെയും നേതൃത്വത്തിൽ 92 ഹെൽത്ത് സ്ക്വാഡ് രൂപവത്കരിച്ച് വിതരണംചെയ്തു. പൂരിപ്പിച്ച ചോദ്യാവലി ആശ വർക്കർമാരുടെ നേതൃത്വത്തിൽ ശേഖരിച്ച് നറുക്കെടുത്തു. 14 വാർഡുകളിൽനിന്ന് 28 പേർ സമ്മാനാർഹരായി. രോഗലക്ഷണമുള്ള 82 പേരുടെ കഫം ശേഖരിച്ച് പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് പരിശോധനക്കയച്ചു. ഇതിൽ ഒരാൾക്ക് ക്ഷയരോഗം കണ്ടെത്തി. വാർഡ്തല ആരോഗ്യ ശുചിത്വ സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ആരോഗ്യ-ആശ-കുടുംബശീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ പ്രവർത്തനം സംഘടിപ്പിച്ചത്. കുഞ്ഞിമംഗലം ജി.എച്ച്.എസ് സ്റ്റുഡന്റ് കാഡറ്റ് വിദ്യാർഥികളും പങ്കെടുത്തു. പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ല ടി.ബി ഓഫിസർ ഡോ. ജി. അശ്വിൻ ആശുപത്രി സന്ദർശിച്ചിരുന്നു. പഞ്ചായത്ത് ഹാളിൽ 14ന് രാവിലെ 9.30ന് നടക്കുന്ന പരിപാടിയിൽ എം. വിജിൻ എം.എൽ.എ പ്രഖ്യാപനം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർഥന അധ്യക്ഷത വഹിക്കും. ചോദ്യാവലി നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം വിതരണംചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.