ദേശീയ ദാരുശില്‍പകല ക്യാമ്പ് സമാപിച്ചു

ശ്രീകണ്ഠപുരം: കേരള ലളിതകല അക്കാദമി ശ്രീകണ്ഠപുരം കെ.ജി.എസ് കലാഗ്രാമത്തില്‍ നടത്തിയ ദാരുശില്‍പകല ക്യാമ്പ് സമാപിച്ചു. വിഖ്യാത ആര്‍ട്ടിസ്റ്റുകള്‍ ക്യാമ്പില്‍ നടത്തിയ കലാസൃഷ്ടികള്‍ രാജ്യവ്യാപക പ്രദര്‍ശനപര്യടനം നടത്താനാണ് അക്കാദമി തീരുമാനം. പരമ്പരാഗത ശില്‍പികളും പ്രഫഷനല്‍ ആര്‍ട്ടിസ്റ്റുകളും ഒത്തുചേര്‍ന്ന് പരസ്പരം വിജ്ഞാന ക്രയവിക്രയം നടത്തിയ 11 ദിവസത്തെ ക്യാമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു. 'റിസര്‍ജന്‍സ് 22' എന്ന പേരിൽ നടത്തിയ ക്യാമ്പില്‍ 20 കലാസൃഷ്ടികളാണ് ഉണ്ടായത്. ലളിതകല അക്കാദമിയുടെ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലുള്ള ഗാലറികളില്‍ പ്രദര്‍ശിപ്പിക്കും. കലാസൃഷ്ടികള്‍ പ്രദര്‍ശനത്തിന് പാകമാകാന്‍ കുറച്ചുദിവസം കൂടിയെടുക്കുമെന്ന് ലളിതകല അക്കാദമി ചെയര്‍പേഴ്സൻ മുരളി ചീരോത്ത് പറഞ്ഞു. ദേശീയപര്യടനത്തില്‍ ആദ്യപ്രദര്‍ശനം ബംഗളൂരുവിലായിരിക്കും. ആര്‍ട്ടിസ്റ്റ് റിയാസ് കോമു ക്യാമ്പ് നയിച്ചു. എന്‍.എന്‍. റിംസണ്‍, വത്സന്‍ കൂര്‍മ കൊല്ലേരി, പ്രീതി ജോസഫ് തുടങ്ങിയ കലാകാരന്മാരും അവതരണം നടത്തി. ലളിതകല അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍, മെർലിൻ മോളി, ജിജി സക്കറിയ, പ്രദീപ് കമ്പത്താളി, രാജശേഖരന്‍ നായര്‍, ആന്റോ ജോര്‍ജ്, ബാലഗോപാല്‍ ബെത്തൂര്‍, ഹെലേന മെറിന്‍ ജോസഫ്, കെ.വി. മധു, പി.എൽ. പ്രേംകുമാര്‍, രാജേഷ് റാം, രാജേഷ് തച്ചന്‍, സി. രഞ്ജുമോള്‍, എസ്. രജനി, സുനില്‍ കുട്ടന്‍, വി.എസ്. സൂരജ്, സുനില്‍ തിരുവാണിയൂര്‍, സുശാന്ത് കുമാര്‍ മഹാറാണ, ടെന്‍സിങ് ജോസഫ്, കെ. വൈശാഖ് എന്നീ കലാകാരന്മാരാണ് പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.