'തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബോംബ് സ്ഫോടനം'; മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞ് ആശ്വാസം

'തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ ബോംബ് സ്ഫോടനം'; മോക്ഡ്രില്ലാണെന്ന് തിരിച്ചറിഞ്ഞ് ആശ്വാസം പട്ടാപ്പകൽ ബോംബേറ്; സംഘർഷം തളിപ്പറമ്പിലും പയ്യന്നൂരിലും ജനങ്ങ​ളെ മുൾമുനയിലാക്കി മോക്ഡ്രിൽ പയ്യന്നൂർ: പഴയ ബസ് സ്റ്റാൻഡിന്റെ ആളൊഴിഞ്ഞ ഭാഗത്ത് പെട്ടെന്ന് ബോംബ് പോലെ എന്തോ ഒന്ന് പൊട്ടിത്തെറിക്കുന്നു. സ്ഫോടന ശബ്ദം കേട്ട് യാത്രക്കാരും ചുമട്ടുകാരും ഓട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും നോക്കിയപ്പോൾ കാണുന്നത് സ്ഫോടനത്തിന്റെ പുകയോടൊപ്പം ഒരു സംഘം യുവാക്കളുടെ കൂട്ടയടി. അൽപമൊന്നമ്പരന്ന ശേഷം കാഴ്ചക്കാരായ പലരും അടിയിൽ ഇടപെടാൻ തുടങ്ങി. ഇരുവിഭാഗത്തെയും പിടിച്ചു മാറ്റാൻ പലരും നന്നേ പാടുപെട്ടു. പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പിന്നാലെ ഫയർഫോഴ്സും ആംബുലൻസുമൊക്കെ എത്തിയപ്പോൾ കാര്യമായ സ്ഫോടനമാണെന്നാണ് പലരും കരുതിയത്. സംഭവ സ്ഥലം പൊലീസ് റിബർ കെട്ടി വേർതിരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് പൊലീസിന്റെ മോക്ഡ്രിൽ ആണെന്ന് ആളുകൾക്ക് മനസിലായത്. പയ്യന്നൂരിലും തളിപ്പറമ്പിലുമാണ് മോക്ഡ്രിൽ ആളുകളെ മുൾമുനയിൽ നിർത്തിയത്. അപകട, സംഘർഷ സമയങ്ങളിൽ എങ്ങനെ ഇടപെടണമെന്നത് ജനങ്ങൾക്ക് കൃത്യമായി മനസിലാക്കുന്നതിന് ഡ്രിൽ ഉപകാരപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂരിൽ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി. രമേശൻ, പയ്യന്നൂർ എസ്.എച്ച്.ഒ മഹേഷ് കെ. നായർ, എസ്.ഐ പി.വിജേഷ്, കൺട്രോൾ റൂം ഇൻസ്പെക്ടർ ഓഫ് പൊലീസ് മുകുന്ദൻ, പയ്യന്നൂർ എസ്.എച്ച്.ഒ. മഹേഷ് കെ. നായർ, എസ്.ഐ പി. വിജേഷ് എന്നിവർ മോക്ഡ്രില്ലിന് നേതൃത്വം നൽകി. തളിപ്പറമ്പിൽ തളിപ്പറമ്പ് ഡിവൈ.എസ്.പി എം.പി. വിനോദ്, ഇൻസ്പെക്ടർ എ.വി. ദിനേശ്, എസ്.ഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.