ഒടുവിൽ അള്ളാംകുളം യാഥാർഥ്യമായി

തളിപ്പറമ്പ്: അഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ നവീകരണം പൂർത്തിയാക്കി അള്ളാംകുളവും സാംസ്കാരിക നിലയവും ഉദ്ഘാടനത്തിനൊരുങ്ങുന്നു. പതിറ്റാണ്ടിലേറെ കാലം ചളിമൂടി ഉപയോഗശൂന്യമായ കുളം മുൻ നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം പ്രത്യേക താൽപര്യമെടുത്താണ് നവീകരിക്കാൻ പദ്ധതി തയാറാക്കിയിരുന്നത്. 2017ൽ പ്രവൃത്തി തുടങ്ങിയെങ്കിലും കോവിഡ് അടച്ചിടൽ കാരണം നീണ്ടുപോവുകയായിരുന്നു. അള്ളാംകുളം എന്ന പ്രദേശത്തിന്റെ സ്ഥല നാമവുമായി ബന്ധപ്പെട്ട് ഒരുകുളം ഉണ്ടായിരുന്നു എന്നത് പുതുതലമുറയിൽ അധികമാർക്കും അറിവില്ലായിരുന്നു. എന്നാൽ, മുൻ നഗരസഭ ചെയർമാൻ തന്റെ പേരിനോടൊപ്പം അഭിമാനത്തോടെ ചേർത്ത അള്ളാംകുളത്തിനെ നവീകരിച്ച് നാട്ടുകാർക്ക് സമർപ്പിക്കാൻ തീരുമാനിച്ചതോടെയാണ് അള്ളാംകുളം വെറുമൊരു പേരല്ലെന്ന് തിരിച്ചറിയുന്നത്. വളരെ പണ്ടുകാലം മുതൽ ഇവിടെയുണ്ടായിരുന്ന കുളം പരിസരം അള്ളാൻ എന്ന ജീവിയുടെ വിഹാര കേന്ദ്രമായിരുന്നുവെന്നും ഇതിനാലാണ് അള്ളാംകുളമെന്ന പേര് വന്നതെന്നുമാണ് പഴമക്കാർ പറയുന്നത്. വേനൽക്കാലത്തും വറ്റാത്ത കുളം പ്രദേശത്തുള്ളവർക്കും നാൽക്കാലികൾക്കും കുളിർമയേകി. ആദ്യഘട്ടമായി 10 ലക്ഷം രൂപ അനുവദിച്ച് 2018ൽ നവീകരണം തുടങ്ങി. നാലുഘട്ടങ്ങളിലായി 50 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചത്. ചുറ്റിലും ലൈറ്റുകളും ഇരിപ്പിടങ്ങളും കൂടി സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കി വൈകാതെ ഉദ്ഘാടനം നടത്തും. പദ്ധതിയുടെ ഭാഗമായി ആലോചനയിലുണ്ടായിരുന്ന കുട്ടികളുടെ പാർക്കു കൂടി യാഥാർഥ്യമാക്കുന്നതിനുള്ള തുക ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭ സ്ഥിരം സമിതി അധ്യക്ഷയും വാർഡ് കൗൺസിലറുമായ എം.കെ. ഷബിത പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.