attn. ken കണ്ണൂർ: കുടിവെള്ളം, കടലേറ്റം, മണൽവാരൽ തുടങ്ങിയ പ്രശ്നങ്ങളും അടിസ്ഥാനസൗകര്യ വികസനവും ചർച്ചയാക്കാൻ തീരദേശ ഗ്രാമസഭ ചൊവ്വാഴ്ച നടക്കും. തീരദേശ പഞ്ചായത്തുകളുടെ വികസന പ്രശ്നങ്ങളുടെ പരിഹാരത്തിനായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഗ്രാമസഭ വിളിച്ചുചേർക്കുന്നത്. കണ്ണപുരം, ചെറുകുന്ന്, കുഞ്ഞിമംഗലം, കല്യാശ്ശേരി, മാട്ടൂൽ ഭാഗങ്ങളിലെ ഉപ്പുവെള്ളം കയറിയുള്ള പ്രശ്നങ്ങൾ ചർച്ചയാവും. മാട്ടൂൽ, പാപ്പിനിശ്ശേരി മേഖലയിലെ വ്യാപക മണൽവാരൽ കടലേറ്റത്തിന് കാരണമാകുന്നതായി പരിസരവാസികൾ പരാതിപ്പെട്ടിരുന്നു. ഇത്തരം വിഷയങ്ങളും ചർച്ച ചെയ്യും. രാവിലെ 10.30 മുതൽ മാട്ടൂൽ പെറ്റ് സ്റ്റേഷനു സമീപം മാട്ടൂൽ സെൻട്രൽ ബീച്ച് റോഡ് സ്ട്രീറ്റ് നമ്പർ 20ൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, തീരദേശ പ്രദേശങ്ങളിലെ പ്രകൃതിദുരന്തങ്ങൾ, കാർഷിക ഉൽപന്നങ്ങളുടെ വിപണനവും സംഭരണവും, നെൽകൃഷിയുടെ പ്രോത്സാഹനവും വിപണന സൗകര്യം ഒരുക്കലും, ഉപ്പുവെള്ളം കയറുന്നതുമൂലമുള്ള കാർഷിക മേഖലയിലെ പ്രശ്നങ്ങൾ, ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യതക്കുറവ് തുടങ്ങിയവ ചർച്ചയാവും. തീരദേശ മേഖലയിൽ ജില്ല പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാട് വിശദീകരിക്കുകയും നൂതന പദ്ധതികൾ തയാറാക്കുന്നതിനുമാണ് തീരദേശ ഗ്രാമസഭ ചേരുന്നത്. കല്യാശ്ശേരി, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ് എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലെയും രാമന്തളി, മാടായി, ഏഴോം, പട്ടുവം, മാട്ടൂൽ, കണ്ണപുരം, കല്യാശ്ശേരി, ചെറുകുന്ന്, അഴീക്കോട്, മുഴപ്പിലങ്ങാട്, ധർമടം, ന്യൂമാഹി തുടങ്ങിയ പഞ്ചായത്തുകളിലെയും എല്ലാ ജനപ്രതിനിധികളും പങ്കെടുക്കും. പഞ്ചായത്ത് പ്രദേശങ്ങൾ ഉൾപ്പെടുന്ന എം.എൽ.എമാരും രാഷ്ട്രീയ-സാസ്‌കാരിക പ്രവർത്തകരും പങ്കെടുക്കും. കഴിഞ്ഞ ദിവസം മലയോര ഗ്രാമസഭയിൽ ക്ഷണിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് എം.എൽ.എമാർ പരിപാടി ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.