ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം തുടങ്ങി

മട്ടന്നൂര്‍: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനത്തിന് മട്ടന്നൂരില്‍ തുടക്കമായി. ഗവ. യു.പി സ്‌കൂളില്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി കേരള അസി. പ്രഫസർ ഡോ. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്തു. മട്ടന്നൂര്‍ നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ അഡ്വ. രത്‌നകുമാരി, സംസ്ഥാന പ്രസിഡന്റ് ഒ.എം. ശങ്കരന്‍, കേന്ദ്ര നിര്‍വാഹക സമിതി അംഗങ്ങളായ കെ. വിനോദ്കുമാര്‍, എം. ദിവാകരന്‍, വി.വി. ശ്രീനിവാസന്‍, ഒ.സി. ബേബി ലത എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി. ദിവാകരന്‍ സ്വാഗതവും മേഖല സെക്രട്ടറി എം. ദിവാകരന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് പി.കെ. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.പി. ബാബു, കേന്ദ്ര നിർവാഹക സമിതി അംഗം ടി.പി. കുഞ്ഞിക്കണ്ണന്‍, സതീശന്‍ കസ്തൂരി, പി. സൗമിനി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ ജെന്‍ഡര്‍ നയരേഖ സംസ്ഥാന കണ്‍വീനര്‍ വി.പി. സിന്ധു അവതരിപ്പിക്കും. കെ-റെയില്‍ അവതരണം ടി. ഗംഗാധരനും നടത്തും. ശാസ്ത്രബോധ പ്രചാരണം, ഗ്രാമീണ സാങ്കേതിക വിദ്യയുടെ പ്രയോഗം, പഞ്ചവത്സര പദ്ധതികള്‍, ജെൻഡര്‍ നയരേഖ, വേഗതയുള്ള ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പരിസ്ഥിതിയും ആവാസ വ്യവസ്ഥയും, സയന്‍സ് സെന്ററും തൊഴില്‍ സംരംഭവും, ഉന്നത വിദ്യാഭ്യാസം, കുട്ടികളുടെ വളര്‍ച്ച തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. വൈകീട്ട് അഞ്ചിന് ശാസ്ത്രജാഥയോടെ സമ്മേളനം സമാപിക്കും. വികസനത്തില്‍ വികാരത്തിനപ്പുറം പ്രാധാന്യം ശാസ്ത്രീയതക്ക് -ഡോ. ശ്യാമപ്രസാദ് മട്ടന്നൂര്‍: വികസന കാര്യത്തില്‍ വികാരത്തിനപ്പുറം ശാസ്ത്രീയതക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി അസി. പ്രഫസര്‍ ഡോ. ശ്യാമപ്രസാദ്. മട്ടന്നൂര്‍ ഗവ. യു.പി സ്‌കൂളില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്യാമപ്രസാദ്. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച പ്രകൃതി സൗഹൃദമാണ്. പ്രകൃതിയെ മറന്നുള്ള ഒരു വികസനവും നാം ഏറ്റെടുത്തുകൂടെന്നും ശ്യാമപ്രസാദ് പറഞ്ഞു. സുസ്ഥിര വികസനത്തിന് മാത്രമേ നിലനിൽപുള്ളൂ. ശ്രീലങ്കയില്‍ ഉല്‍പാദനത്തിനപ്പുറം ടൂറിസത്തിലാണ് പ്രാധാന്യം നല്‍കിയത്. സാമ്പത്തിക വളര്‍ച്ചയും വികസനവും രണ്ടും രണ്ടാണ്. ആധുനിക മുതലാളിത്തത്തിന്റെ രൂപമാണ് സാമ്പത്തിക വളര്‍ച്ച. ഇത് എല്ലാവര്‍ക്കും തുല്യമായി വിതരണം ചെയ്താല്‍ മാത്രമേ വികസനം ഉണ്ടായെന്ന് പറയാനാവൂ. ആധുനിക മുതലാളിത്തം തകരാതിരിക്കുന്നത് ക്ഷേമ പ്രവര്‍ത്തനം നടക്കുന്നതുകൊണ്ടാണ്. ഇതില്‍നിന്ന് പിറകോട്ടുപോകുന്ന രാജ്യങ്ങൾ തകര്‍ച്ച നേരിടുകയാണ്. കേരളത്തില്‍ തിരുവിതാംകൂര്‍ രാജ്ഞി റാണി സേതു ലക്ഷ്മിഭായ് തുടങ്ങിവെച്ച ആധുനികവത്കരണം തുടര്‍ന്നുവന്ന സര്‍ക്കാറുകള്‍ ഏറ്റെടുത്തു. ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ക്രിസ്ത്യന്‍ മിഷനറിമാരുമെല്ലാം ഇതിന് വലിയ പങ്കുവഹിച്ചു- അദ്ദേഹം പറഞ്ഞു. (ഫോട്ടോ- കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ഡോ. ശ്യാമപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.