പൊതുസ്ഥലത്ത് മാലിന്യം തള്ളി; കൈയോടെ പിടിയിൽ

തലശ്ശേരി: പൊതുസ്ഥലത്ത് മാലിന്യം തള്ളിയയാളെ നഗരസഭ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി. നഗരസഭയുടെ പൊതുശുചീകരണം പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്നതിനിടെ തൊട്ടടുത്ത ടാക്സി സ്റ്റാൻഡ് പരിസരത്ത് മാലിന്യം തള്ളുന്നതിനിടെയാണ് ആളെ പിടികൂടിയത്. കാറിന്റെ ഡിക്കിയിൽ കൊണ്ടുവന്ന ചാക്കിൽ കെട്ടിയ മാലിന്യമാണ് തൊട്ടടുത്ത മിൽമ ബൂത്തിന്റെ പിറകിൽ തള്ളുന്നത് നഗരസഭ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. ഹെൽത്ത് സൂപ്പർവൈസർ കെ. പ്രമോദിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തി തള്ളിയയാളെ കൊണ്ടുതന്നെ മാലിന്യം തിരിച്ചെടുപ്പിക്കുകയും പിഴ അടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. ടാക്സി സ്റ്റാൻഡ് പരിസരത്ത് മിക്ക ദിവസങ്ങളിലും ഇത് പതിവാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നഗരസഭ ശുചീകരണ പ്രവൃത്തികൾ നല്ല രീതിയിൽ നടപ്പാക്കുമ്പോൾ വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നത് നഗരസഭയുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരം കേസുകളിൽ നഗരസഭാ നടപടികൾക്കുപുറമെ ആർ.ടി.ഒയുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ പെർമിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ശിപാർശ ചെയ്യുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.