തൊടുപുഴ: ഭൂമിയുടെ അവകാശത്തിനായുള്ള ഇടുക്കിക്കാരുടെ കാത്തിരിപ്പ് അവസാനിക്കുന്നില്ല. ജില്ലയിൽ വിവിധ താലൂക്കുകളിലായി പട്ടയത്തിനായി 64,796 അപേക്ഷകളാണ് ഉള്ളത്. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 13,627 പട്ടയങ്ങൾ നൽകി. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്ന ലക്ഷ്യവുമായി ‘പട്ടയ മിഷൻ’ രൂപീകരിച്ചെങ്കിലും ജില്ലയിൽ കാര്യമായ മുന്നേറ്റമുണ്ടായില്ലെന്നാണ് കണക്കുകൾ പറയുന്നത്. പ്രശ്നങ്ങളിൽ പരിഹാരമുണ്ടാകാത്തതും 1964 ലെയും സി.എച്ച്.ആർ മേഖലകളിലെയും പട്ടയ വിതരണത്തിലുണ്ടായ തടസങ്ങളുമാണ് നടപടികൾ ഇഴയാൻ കാരണം. ഭൂപ്രശ്നം രൂക്ഷമായ ദേവികുളം താലൂക്കിൽ 2021 മുതൽ 2024 വരെ 339 പട്ടയങ്ങൾ മാത്രമാണ് നൽകാൻ കഴിഞ്ഞത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിതരണ നടപടി നിർത്തി വെച്ചതും വെല്ലുവിളി സൃഷ്ടിച്ചിട്ടുണ്ട്.
2021 മുതൽ 2024 വരെ താലൂക്കിലെ മറയൂരിൽ- 26, കുഞ്ചിത്തണ്ണി- 122, ആനവിരട്ടി-51, മന്നാം കണ്ടം- 38, കാന്തല്ലൂർ-8, വെള്ളത്തൂവൽ- 84, പള്ളിവാസൽ-8 എന്നിങ്ങനെയാണ് വില്ലേജുകളിൽ പട്ടയം നൽകിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുടുംബങ്ങൾ പട്ടയത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നതും ഇടുക്കിയിലാണ്. ഏറ്റവും കൂടുതൽ പേർ പട്ടയത്തിന് കാത്തിരിക്കുന്നത് ഉടുമ്പൻചോല താലൂക്കിലാണ് 19869 പേർ.
തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം, ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം എന്നീ പഞ്ചായത്തുകളിലും അപേക്ഷകർ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. വനം വകുപ്പിന്റെ തടസവാദങ്ങൾ മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് അൽപമെങ്കിലും ആശ്വാസമാകുമായിരുന്ന പട്ടയ നടപടികളാണ് എങ്ങുമെത്താതെ വർഷങ്ങളായി ഇഴഞ്ഞുനീങ്ങുന്നത്. പട്ടയ നടപടി സമയത്ത് പൂർത്തിയാക്കാൻ റവന്യു വകുപ്പ് തയാറാകാത്തത് കൊണ്ടാണ് കൈവശ ഭൂമിയിൽ ഇപ്പോഴും അധികാരം സ്ഥാപിക്കാൻ വനം വകുപ്പിന് കഴിയുന്നതെന്ന് കർഷകർ പറയുന്നു.
വർഷങ്ങളായി കൃഷി ചെയ്തും ഭൂമിയിൽ പണിയെടുത്തും നാടിനെ തീറ്റിപ്പോറ്റുന്ന കർഷകരാണ് പതിറ്റാണ്ടുകളായി വനംവകുപ്പിന്റെ കുടിയിറക്കു ഭീഷണി നേരിടുന്നത്. 1964ലെ ചില പട്ടയങ്ങളിൽ പറഞ്ഞിട്ടുള്ള നിബന്ധനകൾ ചൂണ്ടിക്കാട്ടി കർഷകർ നട്ടു പരിപാലിച്ച മരങ്ങൾ മുറിക്കാനും വനംവകുപ്പ് തടസ്സം നിൽക്കുന്നുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയാത്തതെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.