തൊടുപുഴ ജില്ല ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന് സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂര
തകർന്ന നിലയിൽ
തൊടുപുഴ: ‘റേഡിയോളജിസ്റ്റിനെ തരൂ... സ്കാനിങ് റിസൽട്ട് തരാം...’ തൊടുപുഴ കാരിക്കോടുള്ള ജില്ല ആശുപത്രിയിൽ സ്കാനിങ്ങിനായി എത്തുന്ന രോഗികൾ കേൾക്കുന്ന പതിവ് പല്ലവിയാണിത്. പട്ടികവർഗ മേഖലകളിൽ നിന്നടക്കം ദിവസേന നൂറുണക്കിനാളുകൾ ചികിത്സ തേടിയെത്തുന്ന ജില്ലയിലെ പ്രധാന സർക്കാർ ആതുരാലയത്തിനാണ് ഈ ദുർഗതി.
പുതിയതും പഴയതുമായ കെട്ടിടങ്ങളുണ്ടെങ്കിലും ഡോക്ടർമാരടക്കമുള്ള ജീവനക്കാരുടെ കുറവാണിവിടെ വില്ലനാകുന്നത്. ഇതോടെ സ്കാനിങ് അടക്കമുള്ള പരിശോധനകൾക്കായി വൻ തുക കൊടുത്ത് സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട അവസ്ഥയാണ് രോഗികൾക്ക്. മാറി വരുന്ന സർക്കാറുകളും ജില്ല പഞ്ചായത്ത് ഭരണസമിതികളും ജനപ്രതിനിധികളും പുലർത്തുന്ന അനാസ്ഥക്ക് വില കെടുക്കുന്നതാകട്ടെ ചികിത്സ തേടിയെത്തുന്ന സാധാരണക്കാരാണ്.
അൾട്രാസൗണ്ട്, സി.ടി സ്കാനുകൾക്ക് ആശുപത്രിയിൽ സൗകര്യമുണ്ട്. ആവശ്യമായ മെഷീനറികളും ജീവനക്കാരുമുണ്ട്. എന്നാൽ, ഇത് ചെയ്യേണ്ട റേഡിയോളജിസ്റ്റ് തസ്തികയില്ല. ഇതോടെ അൾട്രാസൗണ്ട് മെഷീൻ തുരുമ്പെടുത്ത് നശിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. സി.ടി സ്കാനിങ്ങാണ് അതിലേറെ രസം.
നടത്തുന്നത് അപൂർവമായി മാത്രം. ഇനി നടത്തിയാലോ അതിന്റെ റിസൽട്ടിനായുള്ള കാത്തിരിപ്പ്. സ്കാനിങ് റിസൽട്ട് നൽകേണ്ട റേഡിയോളജിസ്റ്റില്ലാത്തതാണ് പ്രശ്നം. ഒടുവിൽ എച്ച്.എൽ.എല്ലുമായി ടെലി കൺസൽട്ടിങ്ങിലൂടെ റിസൽട്ട് നൽകിയിരുന്നെങ്കിലും ഫണ്ട് കുടിശ്ശികയായതോടെ ഇടക്കാലത്ത് അതും നിലച്ചു.
ആശുപത്രിയിൽ റേഡിയോളജിസ്റ്റ്/ റേഡിയോ തെറപ്പിസ്റ്റ് തസ്തിക ഒരെണ്ണമാണുള്ളത്. ഓങ്കോളജി വിഭാഗത്തിൽ കീമോ അടക്കമുള്ളവക്കായി റേഡിയോ തെറപ്പിസ്റ്റ് ഉള്ളതിനാൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ആളെ നിയമിക്കാനാകില്ലെന്നാണ് വകുപ്പ് നയം.
ആശുപത്രിയിലെ ഒ.പിയിലും ഐ.പിയിലും പുറമെ നിന്നുള്ളവരുമടക്കം നിരവധി പേർ ഇവിടെ ദിവസേന സ്കാനിങ്ങിന് എത്താറുണ്ട്. മതിയായ ജീവനക്കാരുമുണ്ട്. എന്നാൽ, സ്കാൻ ചെയ്യാൻ നടത്താൻ ഇവർക്ക് മടിയാണെന്നാണ് പരാതി. സ്വകാര്യമേഖലയിൽ ആയിരങ്ങൾ വരുന്ന സ്കാനിങ് ഇവിടെ കുറഞ്ഞ നിരക്കിലാണ് ചെയ്യുന്നത്.
അതുകൊണ്ട് തന്നെ ഇതിന് പിന്നിൽ അവരുടെ ഇടപെടലുണ്ടെന്ന ആക്ഷേപവും ഉണ്ട്. ആക്ഷേപം വ്യാപകമായതോടെ ചുരുങ്ങിയ എണ്ണം ആളുകൾക്ക് സ്കാൻ ചെയ്ത് നൽകാൻ തുടങ്ങി. അപ്പോഴാണ് റിസൽട്ട് പ്രശ്നം ഉയർന്നത്.
ചികിത്സിക്കുന്ന ഡോക്ടർമാർ നിർദേശിക്കുന്നവർക്ക് ഫിലിം മാത്രം നൽകിയാണ് പ്രശ്നം പരിഹരിച്ചത്. രോഗവിവരങ്ങൾ ഡോക്ടർമാർ ഫിലിം നോക്കി മനസ്സിലാക്കണം. ഒടുവിൽ എച്ച്.എൽ.എല്ലുമായുള്ള പ്രശ്നം പരിഹരിച്ചെന്നും റിസൽട്ടിനായി രണ്ടു മുതൽ നാല് മണിക്കൂർ വരെ കാത്തിരുന്നാൽ മതിയെന്നുമാണ് പുതിയ വിശദീകരണം.
ആറ് ബെഡുള്ള ഐ.സി.യു ഇവിടെയുണ്ട്. എന്നാൽ, ഇതിനനുസരിച്ചുള്ള ഡോക്ടർമാരോ നഴ്സുമാരടക്കമുള്ള ജീവനക്കാരോ ഇവിടെയില്ല. താലൂക്ക് ആശുപത്രിയിൽ ഉള്ളതിനേക്കാൾ കുറവ് ഡോക്ടർമാരാണ് നിലവിൽ ജില്ല ആശുപത്രിയിലുള്ളത്. കർഷകരും തൊഴിലാളികളും പട്ടികവർഗക്കാരും ഏറെയുള്ള ജില്ലയാണിത്. അവരുടെ പ്രധാന ആശ്രയവുമാണ് ഈ ആശുപത്രി. എന്നാൽ, ഓങ്കോളജി ഒഴികെയുള്ള ഒരു സ്പെഷാലിറ്റി വിഭാഗവും ഇവിടെയില്ല.
ആറുവർഷമായി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയാണ് പ്രവർത്തനം. എട്ടുനില കെട്ടിടത്തിന് അഗ്നിരക്ഷാസേനയുടെ എൻ.ഒ.സി ഇല്ലാത്തതാണ് കാരണം. രണ്ട് ലിഫ്റ്റ് വേണം എന്ന നിബന്ധന നിലനിൽക്കെ ആശുപത്രിയിലാകെയുള്ളത് ഒരെണ്ണം മാത്രം. ജില്ല പഞ്ചായത്തിനാണ് ആശുപത്രിയുടെ ചുമതല. ലിഫ്റ്റ് സംവിധാനം ഇല്ലാത്തതിനാൽ ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങൾ ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.